ലൈംഗികാതിക്രമത്തിനിരയായ സ്ത്രീകളെ കാണാൻ ദേശീയ വനിതാ കമ്മീഷന്‍ സംഘം മണിപ്പൂരി ലെത്തി. ഇരു വിഭാഗങ്ങളിലെയും ലൈംഗികാത്രിക്രമങ്ങള്‍ അതിജീവിച്ചവരുമായി സംഘം കൂടിക്കാഴ്ച്ച നടത്തും. മണിപ്പൂരില്‍ രണ്ട് സ്ത്രീകള്‍ പരസ്യമായി ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോ അടുത്തിടെ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് ഒരു മാസത്തിലേറെ മുന്‍പേ, സംസ്ഥാനത്ത് നടക്കുന്ന ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ആള്‍ക്കൂട്ടക്കൊല, തീവെപ്പ്, കൊലപാതകങ്ങള്‍, എന്നിവയെക്കുറിച്ച് വിവിധ സംഘടനാ പ്രവര്‍ത്തകര്‍ വനിതാ കമ്മീഷനെ അറിയിച്ചിരുന്നു.
മണിപ്പൂരും നോര്‍ത്ത് അമേരിക്കന്‍ മണിപ്പൂര്‍ ട്രൈബല്‍ അസോസിയേഷനും സന്ദര്‍ശിച്ച രണ്ട് പ്രവര്‍ത്തകര്‍ ജൂണ്‍ 12 ന് രേഖ ശര്‍മ്മയ്ക്ക് എഴുതിയ കത്തില്‍ ഇക്കാര്യങ്ങള്‍ പ്രതിബാധിച്ചിരുന്നു. മെയ്‌തേയി സമൂഹത്തില്‍പ്പെട്ടവരില്‍ നിന്നും, കുക്കി-സോമി സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും കത്തില്‍ അറിയിച്ചിട്ടും വനിതാ കമ്മീഷന്‍ നിശബ്ദത പാലിച്ചുവെന്നാണ് ആരോപണം.
മെയ് 4 ന് മണിപ്പൂരിലെ കാങ്പോക്പി ജില്ലയില്‍ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിക്കുകയും മര്‍ദ്ദിക്കുകയും ഇവരില്‍ ഒരാളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തിരുന്നു. ‘സംസ്ഥാന പോലീസ് വെറും കാഴ്ചക്കാരായി തുടര്‍ന്നെന്നും ആള്‍ക്കൂട്ടക്കൊലകള്‍ക്കും വീടുകള്‍ കത്തിക്കുന്നതിനും ജനങ്ങള്‍ നിശ്ശബ്ദ കാഴ്ചക്കാരായി തുടര്‍ന്നെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. മെയ് 4 ന് നടന്ന സംഭവത്തിന്റെ വീഡിയോ ജൂലൈ 19 നാണ് വൈറലായത്. ഇതിന് പിന്നാലെ വനിതാ കമ്മീഷന്‍ മേധാവി സ്വമേധയാ നടപടിയെടുക്കുകയും മണിപ്പൂര്‍ സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ അവരില്‍ നിന്ന് പ്രതികരണം ലഭിച്ചില്ലെന്നാണ് കമ്മീഷന്‍ പറയുന്നത്.