മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് മോഹൻ യാദവ്ഡി സംബർ 13 ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ചയാണ് ബിജെപി നേതൃത്വം മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി മോഹൻ യാദവിനെയും, പാർട്ടി നേതാക്കളായ ജഗദീഷ് ദേവദയും രാജേന്ദ്ര ശുക്ലയും സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിമാരായും തിരഞ്ഞെടുത്തത്. സംസ്ഥാന നിയമസഭയുടെ അടുത്ത സ്പീക്കറായി മുൻ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പേരും പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് യാദവ്, സ്ഥാനമൊഴിയുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കണ്ട് അനുഗ്രഹം തേടി.
മദ്ധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ ഉജ്ജയിൻ സൗത്ത് നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മോഹൻ യാദവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, ഉജ്ജയിൻ സൗത്ത് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ചേതൻ പ്രേംനാരായണിനെതിരെ 12,941 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യാദവ് വിജയിക്കുന്നത്. 95,699 വോട്ടുകൾ നേടിയ അദ്ദേഹം തുടർച്ചയായ മൂന്നാം തവണയും എംഎൽഎഎ ആയി. മധ്യപ്രദേശിലെ മാൾവ നോർത്ത് മേഖലയുടെ ഭാഗമായ ഉജ്ജയിൻ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഉജ്ജയിൻ സൗത്ത് മണ്ഡലം 2003 മുതൽ ബിജെപിയുടെ ശക്തികേന്ദ്രം കൂടിയാണ്. 2013-ൽ എംഎൽഎയായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം, 2020 ൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ കാബിനറ്റ് മന്ത്രിയായി. ഇതോടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ യാദവിന്റെ സ്വാധീനം കൂടുതൽ ശക്തമായി. 1965 മാർച്ച് 25ന് മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് മോഹൻ യാദവ് ജനിക്കുന്നത്. വർഷങ്ങളായി ബിജെപി പ്രവർത്തകനാണ് അദ്ദേഹം. രാഷ്ട്രീയ ജീവിതം കൂടാതെ, അദ്ദേഹം ഒരു വ്യവസായി കൂടിയാണ്
നവംബർ 17ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, 230 അംഗ നിയമസഭയിൽ 163 സീറ്റുകൾ നേടി ബിജെപി മദ്ധ്യപ്രദേശിൽ അധികാരം നിലനിർത്തിയപ്പോൾ കോൺഗ്രസ് 66 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി.
ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ വൻ വിജയമാണ് ബിജെപി നേടിയത്. തെലങ്കാനയിലെ വിജയത്തോടെ ആശ്വാസം നേടിയ കോൺഗ്രസിനെ അമ്പരപ്പിച്ച ഫലമായിരുന്നു ഇത്. മദ്ധ്യപ്രദേശിലെ 230 സീറ്റുകളിൽ 167ലും രാജസ്ഥാനിലെ 199 സീറ്റുകളിൽ 116ലും ഛത്തീസ്ഗഡിലെ 90 സീറ്റുകളിൽ 55ലും ബിജെപി ഭൂരിപക്ഷം നേടി.