മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ് രാജിവച്ചേക്കുമെന്ന് സൂചന. ഉച്ചയ്ക്ക് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ രാജിക്കത്ത് കൈമാറിയേക്കുമെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നു. എന്നാല്‍ തീരുമാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും നിലവില്‍ ലഭ്യമല്ല. കലാപം പടരാന്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ കാരണമായെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. മണിപ്പൂരിൽ സംഘർഷം നിയന്ത്രിക്കാൻ സാധിച്ചില്ലെന്നും അതിനാൽ മുഖ്യമന്ത്രി ബിരേൻ സിങിൻറെ രാജിക്കായി ശക്തമായ സമ്മര്‍ദം വന്ന പശ്ചാത്തലത്തിലാണ് നടപടി.
ബിരേൻ സിങ് രാജിവയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നു കുക്കി വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഒരുവിഭാഗത്തിനു മുഖ്യമന്ത്രിയിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടുവെന്നും ഇവർ വ്യക്തമാക്കി. മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങിന്റെ വസതിയിലേക്കും മൃതദേഹങ്ങളുമായി മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. പ്രതിഷേധക്കാർ റോഡുകളിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു ഗതാഗതം തടസ്സപ്പെടുത്തി. രാജ്ഭവനു സമീപവും ബിജെപി ഓഫിസിനു മുന്നിലും പ്രതിഷേധമുണ്ടായി.
2017 മുതല്‍ മണിപ്പുര്‍ മുഖ്യമന്ത്രിയാണ് എന്‍. ബീരേന്‍ സിങ്. കഴിഞ്ഞ രണ്ട് മാസങ്ങളായി മണിപ്പുരിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. വ്യാഴാഴ്ച മണിപ്പുരിലെ കാങ്‌പോക്പി ജില്ലയിലെ ഹരോഥേൽ ഗ്രാമത്തിൽ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹവുമായി ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാർ ഇംഫാലിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചും വലിയ സംഘർഷത്തിന് വഴിവച്ചിരുന്നു.