ശിവസേന–ബിജെപി സഖ്യത്തോടൊപ്പം ചേർന്ന അജിത് പവാർ വിഭാഗം എൻസിപി എംഎൽഎമാരെ ഉൾപ്പെടുത്തി മഹാരാഷ്ട്രയിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് ധനകാര്യവകുപ്പിന്റെയും പ്ലാനിങ് വകുപ്പിന്റെയും ചുമതല നൽകും.
ഇതിന് പുറമേ ഭക്ഷ്യ-സിവിൽ സപ്ലൈസ്, സഹകരണം, വനിത-ശിശു വികസനം, കൃഷി, ദുരിതാശ്വാസവും പുനരധിവാസവും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവയാണ് എൻ.സി.പി എം.എൽ.എമാർക്ക് ലഭിച്ചത്.
ധനജയ് മുണ്ടെക്കാണ് കൃഷി വകുപ്പ്. ഹാസൻ മുഷറഫ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യും. ചഗൻ ഭുജബാപ്പിനാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ ചുമതല. അദിതി താക്കറെക്കാണ് വനിത-ശിശു വികസന വകുപ്പിന്റെ ചുമതല.
അജിത് പവാർ ഉൾപ്പെടെ എൻസിപി എംഎൽഎമാര്‍ കഴിഞ്ഞ രണ്ടിനാണ് സത്യപ്രതിജ്ഞചെയ്തത്. എന്നാൽ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിമത പക്ഷവുമായുള്ള തർക്കത്തെ തുടർന്ന് അജിത് പക്ഷക്കാർക്ക് വകുപ്പുകൾ നൽകാനായില്ല. ധനകാര്യവകുപ്പിനെ ചൊല്ലിയാണ് പ്രധാന തർക്കം നിലനിന്നിരുന്നത്. നിലവിൽ ബി.ജെ.പിയിലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനാണ് ധനകാര്യ വകുപ്പിന്റെ ചുമതലയുണ്ടായിരുന്നത്. എന്നാൽ, ബി.ജെ.പിയെക്കാൾ കൂടുതൽ അജിതിന് ധനകാര്യം നൽകുന്നതിനെ എതിർത്തത് ഷിൻഡെ പക്ഷമാണ്.