ദില്ലി: നാടകീയ നിമിഷങ്ങൾക്കും ചരടുവലികൾക്കും ഒടുവിൽ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയും, ശശി തരൂരും മാത്രമാണ് നിലവിലുള്ളത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നാണ്. ഖാർഗെ കൂടി പ്രചാരണത്തിനിറങ്ങയതോടെ തെരഞ്ഞെടുപ്പിൽ മത്സരം മുറുകുകയാണ്. നാമനിർദ്ദേശ പത്രിക പിൻവലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം ശശി തരൂർ തള്ളിയിരുന്നു.
ഗുജറാത്തിലും, മുംബൈയിലും പ്രചാരണത്തിനെത്തിയ മല്ലികാർജ്ജുൻ ഖാർഗെക്ക് വലിയ സ്വീകരണമാണ് പിസിസികൾ ഒരുക്കിയത്. മഹാരാഷ്ട്രയിലും വമ്പൻ വരവേൽപാണ് ഗാർഗെയ്ക്ക് ഒരുക്കിയത്. പിസിസി അധ്യക്ഷൻമാരടക്കം മല്ലികാർജുൻ ഖാർഗെയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിനെതിരെ തരൂർ വിഭാഗം ഹൈക്കമാൻഡിന് രേഖാമൂലം പരാതി നൽകിയിരിക്കുകയാണ്. ഗുജറാത്തിൽ വോട്ട് തേടിയെത്തിയ മല്ലികാർജുൻ ഖാർഗെയ്ക്ക് വിമാനത്താവളം മുതൽ പിസിസി അധ്യക്ഷന്‍റെ നേതൃത്വത്തിൽ വമ്പൻ വരവേൽപാണ് ഒരുക്കിയത്. പരസ്യ പിന്തുണ അറിയിക്കരുതെന്ന തെരഞ്ഞെടുപ്പ് സമിതിയുടെ നിർദ്ദേശം അവഗണിച്ചാണ് നേതാക്കൾ ഖാർഗെക്ക് സ്വീകരണം ഒരുക്കിയത്. ഖാർഗെ ഇന്ന് ഹൈദരബാദിലും, വിജയവാഡയിലും പ്രചാരണം നടത്തും.
വിവിധ സംസ്ഥാനങ്ങളിൽ മല്ലികാർജുൻ ഖാർഗെയ്ക്കായി പ്രചരണത്തിൽ സജീവമാണ് രമേശ് ചെന്നിത്തല. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും അദ്ദേഹം ഖാർഗെയ്ക്കൊപ്പം പ്രചാരണം നടത്തും. ദില്ലി, മുംബൈ എന്നിവിടങ്ങളിലാകും തരൂരിൻ്റെ പ്രചാരണം.