യു.എ.പി.എയുടെ സെക്ഷന്‍ 3 (1) പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് അഞ്ചു വര്‍ഷത്തേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ അനുബന്ധ സംഘടനകളേയും നിയമവിരുദ്ധമായി പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. പി.എഫ്.ഐ. കര്‍ണാടക പ്രസിഡന്റായിരുന്ന നസീര്‍ പാഷയാണ് കോടതിയെ സമീപിച്ചിരുന്നത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള നസീര്‍ പാഷ, ഭാര്യ മുഖേനയാണ് ഹര്‍ജി നല്‍കിയത്. സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഹര്‍ജി പരിഗണിച്ചത്.
കേന്ദ്ര സർക്കാർ നടപടി ഏകപക്ഷീയമെന്നായിരുന്നു പോപ്പുലർ ഫ്രണ്ട് വാദം. കർണാടക സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘടനയായ പോപ്പുലർ ഫ്രണ്ട് സമൂഹത്തിലെ അധസ്ഥിത വർഗ്ഗത്തിന് വേണ്ടി പ്രവർത്തിച്ച് വരികയായിരുന്നുവെന്നായിരുന്നു ഹർജിക്കാര്‍ വാദിച്ചു. നിരോധനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കാരണങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ടെന്നും ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇത് അംഗീകരിച്ച് കൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്ന ഹർജി തള്ളിയത്.