അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ജയരാമന്‍റെ മക്കൾ സമർപ്പിച്ച ഹർജി ബെംഗളുരു പ്രത്യേക കോടതി തള്ളി. ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഹർജി.
ബെംഗളൂരു വിധാനസൗധയിൽ ജയലളിതയുടെ ഉടമസ്ഥതയിലായിരുന്ന ഏഴ് കിലോ സ്വർണ – വജ്ര ആഭരണങ്ങൾ അടക്കം നിരവധ ആഡംബര വസ്തുക്കളാണ് കഴിഞ്ഞ 20 വർഷമായി സൂക്ഷിച്ചിരിക്കുന്നത്. കൂടാതെ 600 കിലോ വെള്ളി ആഭരണങ്ങൾ, 11344 സാരികൾ, 250 ഷോളുകൾ, 750 ചെരുപ്പുകൾ, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകൾ എന്നിവയും പിടിച്ചെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത സ്വത്തുക്കൾ പ്രതിയുടെ മരണശേഷം അനന്തരാവകാശികൾക്ക് നൽകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജയലളിതയുടെ വസതിയിൽ നിന്ന് പിടിച്ചെടുത്തവ ലേലം ചെയ്യാൻ പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ഏപ്രിലിൽ ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ദീപയും ദീപക്കും പ്രത്യേക കോടതിയെ സമീപിച്ചത്. എന്നാൽ ഈ വസ്തുക്കൾ അനന്തരാവകാശികൾക്ക് നൽകുന്നതിനെ ആന്‍റി കറപ്ഷൻ ബ്യൂറോ ശക്തമായി എതിർക്കുകയായിരുന്നു.