ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള യാത്ര സുഗമമാക്കാൻ 35,000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മൂന്ന് ഇടനാഴികളുടെ പുരോഗതി വിലയിരുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ജമ്മുവിനും ശ്രീനഗറിനും ഇടയിൽ നിർമിക്കുന്ന ശ്രീനഗർ ദേശീയ പാതയുടെ ശ്രീനഗർ-ബനിഹാൽ മുതൽ ഉധംപൂർ-റംബാൻ-ബനിഹാൾ വരെയുള്ള ഭാഗം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പരിശോധിച്ചു. 16,000 കോടി രൂപ ചെലവിൽ ജമ്മുവിൽ നിന്ന് ഉധംപൂർ-റംബാൻ-ബനിഹാൽ വരെയും തുടർന്ന് ശ്രീനഗർ വരെയും ഏകദേശം 250 കിലോമീറ്റർ നീളമുള്ള നാല് പാതകളുള്ള ആദ്യ ഇടനാഴിയാണ് ഇത്. നിലവിൽ 10 തുരങ്കങ്ങളുള്ള ഇടനാഴിയുടെ നിർമാണം ഏകദേശം 210 കിലോമീറ്റർ പൂർത്തിയായി.
ഈ പാത നിർമിക്കുന്നതോടെ ജമ്മുവിനും ശ്രീനഗറിനും ഇടയിൽ എല്ലാ കാലാവസ്ഥയിലും ബന്ധമുണ്ടാകും. ഏതെങ്കിലും ഒരു പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായാലും സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ഇടനാഴിയെ നാലുവരിയായി തിരിച്ചിട്ടുണ്ട്. ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള യാത്ര സുരക്ഷിതവും സുഗമവുമാക്കാൻ ക്രാഷ് ബാരിയറുകളും മറ്റ് റോഡ് സുരക്ഷാ നടപടികളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്കുള്ള യാത്രാ സമയവും 9-10 മണിക്കൂറിൽ നിന്ന് 4-5 മണിക്കൂറായി കുറയും. റംബാനും ബനിഹാലിനുമിടയിൽ 40 കിലോമീറ്റർ നാലുവരിപ്പാത 2024 ജൂണിൽ പൂർത്തിയാക്കും.
കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയ്‌ക്കൊപ്പമാണ് നിർമ്മാണ പുരോഗതി വിലയിരുത്താൻ സന്ദർശനം നടത്തിയത്. കേന്ദ്ര സഹമന്ത്രിമാരായ ജനറൽ വികെ സിംഗ് (റിട്ട), ജിതേന്ദ്ര സിംഗ് എന്നിവരും നിതിൻ ഗഡ്കരിയോടൊപ്പമുണ്ടായിരുന്നു.