ഹരിയാനയിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഏർപ്പെട്ടുത്തിയ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ഓഗസ്റ്റ് 11 വരെ ഇന്റർനെറ്റ് നിരോധനം തുടരുമെന്ന് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല അറിയിച്ചു. ജൂലായ് 31 ന് മതപരമായ ഘോഷയാത്രയ്ക്കിടെ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ട നുഹിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിൽ ഭരണകൂടത്തിന് പിഴവ് സംഭവിച്ചതായി ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.
“കാര്യങ്ങൾ മുഴുവനായും ശരിയായി വിലയിരുത്താൻ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ജൂലായ് 22 മുതൽ ഇപ്പോൾ ട്രാൻസ്ഫർ ചെയ്യപ്പെട്ട നുഹ് എസ്പി അവധിയിലായിരുന്നു, അധിക ചുമതലയുള്ളയാൾക്കും അനുവാദം നൽകിയ ഉദ്യോഗസ്ഥർക്കും ജാഥ ശരിയായി വിലയിരുത്താൻ കഴിഞ്ഞില്ല. ഇതെല്ലാം അന്വേഷിക്കുകയാണ്,” – സ്ഥിതിഗതികൾ വിലയിരുത്തുന്നതിൽ ഇന്റലിജൻസ് പരാജയമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയവേ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജൂലായ് 31 ന് നുഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലെറുണ്ടായതാണ് കനത്ത വർഗീയ സംഘർഷത്തിന് വഴി തെളിച്ചത്. ആക്രമ സംഭവങ്ങളില്‍ രണ്ട് ഹോം ഗാർഡുകളും ഒരു മുസ്ലീം മതപണ്ഡിതനുമടക്കം ആറ് പേർ കൊല്ലപ്പെട്ടു. 3,200 പേർ അണിനിരക്കുന്ന ഘോഷയാത്രയ്ക്ക് സംഘാടകർ അനുമതി തേടിയിരുന്നതായും അതനുസരിച്ച് പോലീസ് സേനയെ വിന്യസിച്ചതായും അഡീഷണൽ ഡിജിപി പറഞ്ഞതായി ചൗട്ടാല പറഞ്ഞു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 312 പേരെ അറസ്റ്റ് ചെയ്യുകയും 142 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായും ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു.
അതേസമയം നുഹിൽ വിശ്വ ഹിന്ദു പരിഷത്ത് നടത്തിയിൽ ഘോഷയാത്രയിൽ പങ്കടുക്കുന്നവരുടെ എണ്ണത്തിന്റെ കൃത്യമായ വിവരം സംഘാടകർ നൽകിയിരുന്നില്ലെന്ന് ജെജെപി നേതാവ് നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് സ്ഥിതിഗതികൾ ഇപ്പോഴും ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ജില്ലകളില്‍ മൊബൈൽ ഇന്‍റർനെറ്റ്, എസ്എംഎസ് സേവനങ്ങൾക്ക് ഏര്‍പ്പെടുത്തിയ താത്കാലിക നിരോധനം സംസ്ഥാന സർക്കാർ ആഗസ്റ്റ് 11 വരെ നീട്ടിയത് .