ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ചരിത്രപരമായ മാറ്റത്തിനൊരുങ്ങുന്നു. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പുതുവർഷത്തിൽ യാഥാർത്ഥ്യമാകും. ഹരിയാനയിലെ ജിന്ദിനും സോണിപ്പത്തിനും ഇടയിലുള്ള 90 കിലോമീറ്റർ റൂട്ടിലാണ് ട്രെയിൻ സർവീസ് നടത്തുക. റിപ്പബ്ലിക് ദിനമായ ജനുവരി 26-ന് ട്രെയിനിന്റെ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഹരിയാനയിലെ ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 90 കിലോമീറ്റർ റൂട്ടിലാണ് പരീക്ഷണ ഓട്ടം. രണ്ട് ഡ്രൈവർ പവർ കാറുകളും എട്ട് പാസഞ്ചർ കോച്ചുകളുമടക്കം, 10 കോച്ചുകളാകും ഹൈഡ്രജൻ പവർ ട്രെയിനിൽ. ഡീസൽ എഞ്ചിൻ ട്രെയിനുകളെ അപേക്ഷിച്ച് ഹൈഡ്രജൻ ട്രെയിനുകൾ വേഗതയേറിയതും പരിസ്ഥിതി സൗഹൃദപരവുമാണ്. ട്രെയിനിന് മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.
പരമ്പരാഗത ഡീസൽ എൻജിനുകളെ ഘട്ടംഘട്ടമായി ഒഴിവാക്കി പരിസ്ഥിതി സൗഹൃദ ഗതാഗതം ഉറപ്പാക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം. ജിന്ദ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന്റെ അന്തിമ പരീക്ഷണങ്ങൾ നടക്കും. രണ്ട് ഡ്രൈവർ പവർ കാറുകളും (DPC) എട്ട് പാസഞ്ചർ കോച്ചുകളുമാണ് ട്രെയിനിന്റെ ആദ്യ ഘട്ടത്തിലുള്ളത്. പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായാൽ റെയിൽവേയും ആർഡിഎസ്ഒയും സ്പാനിഷ് കമ്പനിയായ ഗ്രീൻ എച്ച്-ഉം ചേർന്ന് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ട്രെയിനിനാകും. ഏകദേശം 2,500 യാത്രക്കാരെ വഹിക്കാനുള്ള ശേഷി ട്രെയിനുണ്ട്. ഡീസൽ ട്രെയിനുകളെ അപേക്ഷിച്ച് ഹൈഡ്രജൻ ട്രെയിനുകൾ കുറഞ്ഞ ശബ്ദമലിനീകരണം മാത്രമേ ഉണ്ടാക്കുന്നുള്ളൂ.
ഹൈഡ്രജൻ പവർ ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നതോടെ ചൈനയ്ക്കും ജർമ്മനിക്കും പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും. കാർബൺ വികിരണം കുറയ്ക്കുന്നതിൽ റെയിൽവേയുടെ ഈ ചുവടുവെപ്പ് നിർണ്ണായകമാകും.

