നെതര്‍ലന്റ്‌സ് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ച് ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു. തീപിടിത്തത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ മരിച്ചതായി നെതര്‍ലന്റ്‌സിലെ ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ജര്‍മ്മനിയില്‍ നിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്ന ഫ്രീമാന്റില്‍ ഹൈവേ എന്ന കപ്പലാണ് ചൊവ്വാഴ്ച രാത്രി അപകടത്തില്‍പ്പെട്ടത്. ഏകദേശം 3,000 കാറുകള്‍ കയറ്റിക്കൊണ്ട് വന്ന ചരക്ക് കപ്പലിലാണ് വന്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന് പിന്നാലെ കപ്പൽ ജീവനക്കാർ കടലില്‍ ചാടി. കടലില്‍ ചാടിയ ഏഴ് ജീവനക്കാരെ സമീപത്തെ കപ്പലിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.
അപകടത്തിന് പിന്നാലെ കപ്പലിലെ 23 ജീവനക്കാര്‍, തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ വളരെ വേഗത്തില്‍ പടരുകയായിരുന്നു. റോട്ടര്‍ഡാമില്‍ നിന്ന് പ്രത്യേക അഗ്‌നിശമന സേനാംഗങ്ങളെ എത്തിച്ചെങ്കിലും അവര്‍ എത്തുമ്പോഴേക്കും സ്ഥിതി വളരെ അപകടകരമായി. രക്ഷാപ്രവര്‍ത്തന ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് 23 ജീവനക്കാരെ കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തി.
മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സഹായം നല്‍കുന്നുണ്ടെന്നും എംബസി അറിയിച്ചു. പരിക്കേറ്റ 20 ജീവനക്കാരുമായും എംബസി ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ സുരക്ഷിതരാണ്. വൈദ്യസഹായം നല്‍കുന്നുണ്ട്. ഡച്ച് അധികൃതരുമായും ഷിപ്പിംഗ് കമ്പനിയുമായും ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും എംബസി അറിയിച്ചു.