ഗുജറാത്തിലെ പോർബന്തറിൽ ഹെലികോപ്റ്റർ തകർന്ന് മൂന്നുപേർ മരിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) ധ്രുവ് ആണ് തകർന്ന് വീണത്. അപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. അപകടത്തിനിടെ ഹെലികോപ്റ്ററിൽ നിന്ന് ചാടിയ മൂന്നാമത്തെയാളും മരിച്ചു. ഇതിൽ രണ്ട് പേര് പൈലറ്റുമാർ ആണ്. അപകടത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വൈദ്യസഹായം നൽകിയെങ്കിലും മൂന്ന് ക്രൂ അംഗങ്ങളും മരണത്തിന് കീഴടങ്ങിയതായി കമലാ ബാഗ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാജേഷ് കന്മിയ സ്ഥിരീകരിച്ചു. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ആണ് തകർന്നത്. പതിവ് പരിശീലന പറക്കലിനിടയാണ് അപകടം നടന്നത്. പൈലറ്റ് അടക്കം നാലുപേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.
കരസേനയും നാവികസേനയും വ്യോമസേനയും ചേർന്ന് പ്രവർത്തിപ്പിക്കുന്ന എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററിൽ രണ്ട് വർഷം മുമ്പ് നിരവധി പിഴവുകൾ കണ്ടെത്തിയിരുന്നു. ചില ഘടകങ്ങളിൽ രൂപകല്പന, മെറ്റലർജി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കോസ്റ്റ് ഗാർഡിൻ്റെ മറ്റൊരു ഹെലികോപ്റ്റർ കടലിൽ തകർന്ന് രണ്ട് മാസത്തിന് ശേഷമാണ് ഈ അപകടമുണ്ടാകുന്നത്. ഇന്ത്യൻ നേവി, ഐഎഎഫ്, ആർമി, കോസ്റ്റ് ഗാർഡ് എന്നിവയ്ക്ക് ആകെ 325 എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററുകൾ ഉണ്ട്, അവയെല്ലാം അപകട സംഭവങ്ങളെത്തുടർന്ന് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.