ശ്രീദേവി….. പേര് ഈ ഇതിഹാസ നായികയ്ക്ക് അറിഞ്ഞ് നൽകിയത് തന്നെ… അതെ ശ്രീയുടെ നിറകുടം തന്നെയായിരുന്നു അവർ… ഒരിക്കൽ കണ്ടാൽ മനസ്സിൽ കോറിയിടാൻ പാകത്തിലുള്ള ഒരു മിഴിവുറ്റ ചിത്രം.. കഴിവിനാലും അത്രയേറെ അനുഗ്രഹിക്കപ്പെട്ടവൾ….നടന വൈഭവം കൊണ്ടും, തീക്ഷ്ണ സൗന്ദര്യം കൊണ്ടും, അഭിനയ മികവ് കൊണ്ടും അഭ്രപാളികളിൽ ചാട്ടുളി തീർത്തവൾ… മനോഹര മിഴികളാൽ പ്രേക്ഷകരെ തന്റെ കൺകോണിൽ തളച്ചിട്ടവൾ… അത്രയേറെ വശ്യതയുണ്ടായിരുന്നു ശ്രീദേവിക്ക്… അതിലേറെ കഴിവും. ഇവ ഒരുമിച്ച് ചേർന്നതോടെ വെള്ളിത്തിരയിൽ പകരം നിൽക്കാൻ ഇല്ലാത്ത അഭിനയ റാണിയായി ശ്രീദേവി മാറി.
2018 ഫെബ്രുവരി 24 ആം തീയതി ശനിയാഴ്ച രാത്രിയാണ് ആ ഇതിഹാസ താരം ഈ ലോകം വിട്ടു പോയത്. ദുബായിലെ ഹോട്ടലിലെ ബാത്ത് ടബ്ബിൽ മുങ്ങി മരിച്ച നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം. മരിക്കുമ്പോൾ 54 വയസ്സായിരുന്നു ശ്രീദേവിക്ക്….ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായി ദുബായിൽ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.
1967 ൽ നാലാം വയസ്സിലാണ് ശ്രീദേവി തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ബാലതാരം ആയിട്ടായിരുന്നു രംഗപ്രവേശം. അവിടെനിന്ന് ഇങ്ങോട്ട് പ്രശസ്തരായ നിരവധി പേരുടെ സിനിമകൾ. .. വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേള എടുത്ത നടി പിന്നീട് തിരിച്ചു വരുന്നത് 2012ലാണ്. തമിഴ്, ഹിന്ദി,തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി 300 ലധികം ചിത്രങ്ങളിൽ ശ്രീദേവി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്വതസിദ്ധമായ തന്റെ അഭിനയശൈലി കൊണ്ടും, കഴിവ് കൊണ്ടും ഒരു കാലഘട്ടത്തിൽ അഭിനയ ലോകത്തിന്റെ ചക്രവർത്തിനിയായി ശ്രീദേവി അരങ്ങ് വാണു.
സിനിമ ജീവിതത്തിൽ ഏറ്റവും ഉയരത്തിൽ ആയിരുന്നു ശ്രീദേവിയെങ്കിലും.. ജീവിതത്തിൽ അങ്ങനെയായിരുന്നില്ല. സൗന്ദര്യം, പ്രശസ്തി, കുടുംബം, പണം എല്ലാം ഉണ്ടായിട്ടും കൂട്ടിലടച്ച കിളിയെ പോലെ ഒതുങ്ങികൂടേണ്ടി വന്ന ഒരു ജീവിതമായിരുന്നു ശ്രീദേവിക്ക് ഉണ്ടായിരുന്നത്. ആകാശത്ത് പാറിപ്പറന്നു നടക്കാൻ കൊതിച്ച പറവ…. ജീവിച്ചതോ കൂട്ടിലടച്ച കിളിയായി…. അച്ഛന്റെ മരണത്തോടെ തീർത്തും ഒറ്റപ്പെട്ടുപോയ ശ്രീദേവിക്ക് അമ്മയുടെ ശാസനയിലും നിയന്ത്രണത്തിലും ഒതുങ്ങിക്കൂടേണ്ടിവന്നു. ശ്രീദേവിയുടെ അച്ഛൻ, ഉണ്ടായിരുന്നതെല്ലാം വിശ്വസിച്ചേൽപ്പിച്ച ബന്ധുക്കൾ…. അവർ ശ്രീദേവിയുടെ അച്ഛന്റെ മരണശേഷം ശ്രീദേവിയെ ചതിച്ചു…ഒന്നുമില്ലാതെ… ആരുമില്ലാതെ… ലോകത്തിന് മുന്നിൽ പതറി നിന്ന ശ്രീദേവിക്ക് മുന്നിൽ തന്റെ കൈകൾ നീട്ടിക്കൊണ്ട്… ശ്രീദേവിയെ തന്നോട് ചേർത്തു പിടിച്ചത് ബോണി കപൂർ ആയിരുന്നു … ഏകദേശം സമാന അവസ്ഥയിലായിരുന്ന ബോണിക്കാകട്ടെ അന്ന് ശ്രീദേവിക്ക് നൽകാൻ ആകെയുണ്ടായിരുന്നത് അയാളുടെ സ്നേഹം മാത്രമായിരുന്നു… ബോണി കപൂറിന്റെ അമ്മയും ശ്രീദേവിയുമായത്ര രസത്തിൽ ആയിരുന്നില്ല… തന്റെ മകന്റെ ജീവിതം നശിപ്പിച്ചവളായാണ് അവർ ശ്രീദേവിയെ കണ്ടത്. ലോകം മുഴുവൻ ആരാധനയോടെ മാത്രം നോക്കി കണ്ട…. ഒരു നോക്ക് കാണാൻ കൊതിച്ച… ഒരു ലോകത്ത് ഉറഞ്ഞു കൂടിയ കണ്ണുനീരും… നിർവികാരമായ മനസ്സുമായി ജീവിച്ച സ്ത്രീയായിരുന്നു ശ്രീദേവി. സന്തോഷം ഒരു ചെറു നിഴലാട്ടമായെങ്കിലും അവരുടെ ജീവിതത്തിൽ എത്തി നോക്കാൻ മടിച്ചു നിന്നു… തന്റെ ജീവിതത്തിൽ വിധി ഏൽപ്പിച്ച മുറിവുകളിൽ നിന്നും ചോര വാർന്നൊഴുകുമ്പോഴും ആ നടി തന്റെ വശ്യമായ പുഞ്ചിരിയാലും നയന മനോഹാരിതയാലും… തന്റെ ആരാധകരെ സന്തോഷിപ്പിച്ചു… അവർ പ്രതീക്ഷിക്കുന്നതിനേക്കാൾ ഒരുപാട് ശ്രീദേവി എന്ന നടി അവർക്കു മുന്നിൽ നിറഞ്ഞാടി… ആവേശത്തോടെ അതിലേറെ ആരാധനയോടെ മാത്രം ഉറ്റുനോക്കിയിരുന്ന ആർക്കും…അഭ്രപാളികളിൽ ചാട്ടുളി പായിച്ച ആ കണ്ണുകളിൽ കെട്ടിക്കിടന്ന ദുഃഖത്തിന്റെ നീരുറവ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല…അത് പുറത്തേക്ക് വരാത്ത അത്രയും ഉറഞ്ഞു പോയിരുന്നു…
സന്തോഷത്തിന്റെ ചെറു കണികകൾ പോലും അവരുടെ ജീവിതത്തിൽ കടന്നുവരാൻ മടിച്ചു നിന്നു …. സിനിമയുടെ വിജയവുമായി ബന്ധപ്പെട്ടും അല്ലാതെയും വളരെ അപൂർവ്വം ചില അവസരങ്ങളിൽ മാത്രം അവർ സന്തോഷവതിയായി കാണപ്പെട്ടു… അശാന്തി മാത്രം പിന്തുടർന്നുകൊണ്ടിരുന്ന അവരുടെ മനസ്സിന് ശാശ്വതമായ ശാന്തി ലഭിച്ചതാകട്ടെ…. ഒരു പക്ഷെ മരണം എന്നന്നേക്കുമായി അവരെ പുൽകി ഉറക്കിയപ്പോൾ മാത്രമാകും….
ജീവിതത്തിന്റെ എല്ലാ ദുഃഖങ്ങളിൽ നിന്നും ഓടിയൊളിച്ച ശ്രീദേവിയുടെ മനസ്സിന്റെ നന്മയുടെ ഫലം തന്നെയാണ് ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മകൻ അർജുൻ ആൺമക്കൾ ഇല്ലാതിരുന്ന ശ്രീദേവിക്ക് ഒരു മകന്റെ സ്ഥാനത്ത് നിന്ന് മരണാനന്തര ചടങ്ങുകൾ എല്ലാം നടത്തി അവരെ മോക്ഷ പ്രാപ്തിയിലേക്ക് എത്തിച്ചത്. ശ്രീദേവിയുടെ മരണത്തോടെ പതറി നിന്നു പോയ ജാൻവിയ്ക്കും ഖുശി യ്ക്കും അർജുന്റെ സഹോദരി അൻഷുല താങ്ങായി മാറിയതും അതുകൊണ്ട് തന്നെ. ശ്രീദേവിയും ബോണീ കപൂറുമായുള്ള ബന്ധം അക്കാലത്ത് ഉണ്ടാക്കിയ വിവാദങ്ങളും കോളിളക്കവും ഇവിടെ സ്മരിക്കാം.
മലയാള സിനിമ ലോകത്തിലും തന്റേതായ കയ്യൊപ്പ് പതിപ്പിക്കാൻ ശ്രീദേവിക്ക് അധികം സിനിമകൾ ഒന്നും വേണ്ടിവന്നില്ല. ‘ ദേവരാഗം’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മുഴുവൻ കണ്ണും മനസ്സും കവർന്നെടുത്ത നായികയായിരുന്നു ശ്രീദേവി. അവരുടെ വശ്യമായ പുഞ്ചിരിയിലും അഴകാർന്ന നയനങ്ങളിലും നോക്കിയിരിക്കാത്ത ഒരൊറ്റ മലയാളി പോലും ഉണ്ടായിരിക്കില്ല. അഭിനയിച്ച കാലമത്രയും വെള്ളിത്തിരയിലെ സൗന്ദര്യ റാണിയായവർ വാണു. ഏകദേശം 26 ഓളം മലയാള ചിത്രങ്ങളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്
മൂന്നാം പിറ എന്ന സിനിമയിലെ അഭിനയത്തിന് 1981 ൽ തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. 2013 ഇൽ രാജ്യം അവർക്ക് പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഒരായുഷ്ക്കാലം മുഴുവൻ സിനിമയ്ക്ക് വേണ്ടി ഒഴിഞ്ഞുവെച്ച അവരുടെ ജീവിതത്തോടുള്ള ആദരവ് കൊണ്ടു തന്നെയാണ്. 65 മത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മരണാനന്തര ബഹുമതിയായി ശ്രീദേവിക്ക് ലഭിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം ആ വലിയ നടിയെ തേടിയെത്തിയപ്പോഴേക്കും ശ്രീദേവി മറ്റൊരു ലോകത്തേക്ക് പോയിക്കഴിഞ്ഞിരുന്നു. രവി ഉദ്യവാർ സംവിധാനം ചെയ്ത ‘മോം ‘ മിലെ അഭിനയത്തിനാണ് ശ്രീദേവിയെ തേടി പുരസ്കാരമെത്തിയത്. ഇന്ത്യൻ സിനിമ ലോകം മുഴുവൻ നിറഞ്ഞുനിന്ന അതുല്യപ്രതിഭയുടെ ഓർമ്മകൾക്ക് മുൻപിൽ ഒരുപിടി കണ്ണീർ പുഷ്പങ്ങൾ.