ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഞാൻ എൻ്റെ കുടുംബാംഗങ്ങളെ കാണാനാണ് വന്നത്, നിങ്ങൾ ജനിച്ച മണ്ണിൻ്റെ സുഗന്ധം ഞാൻ കൊണ്ടുവന്നു, 140 കോടി ജനങ്ങളുടെ സന്ദേശം കൊണ്ടുവന്നു. ഭാരതം നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു.”- പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരോട് മോദി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സാംസ്കാരിക പരിപാടിയായ ‘അഹ്ലൻ മോദി’ യിൽ പങ്കെടുത്ത് അബുദാബിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ബിജെപി അനുകൂല പ്രവാസി സംഘടന ഐപിഎഫിന്റെ നേതൃത്വത്തിലാണ് സമ്മേളനം ഒരുക്കിയത്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു സാക്ഷിയാകാൻ യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാനും എത്തിയിരുന്നു. വികസിത ഭാരതം എന്നെഴുതിയ പ്രവേശന കവാടത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്. മൂന്നാം മോദി സർക്കാർ ഉറപ്പാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 2047ൽ ഇന്ത്യ വികസിത രാജ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തെ ഭരണ നേട്ടം എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യ ഇന്ന് ഏതെല്ലാം മേഖലയിലാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നതെന്നും മോഡി ഓർമ്മിപ്പിച്ചു.
തൻ്റെ ആദ്യ യുഎഇ സന്ദർശനത്തെക്കുറിച്ചും മോദി പ്രസംഗത്തിൽ അനുസ്മരിച്ചു. “മൂന്ന് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനമായിരുന്നു. നയതന്ത്രലോകം എനിക്ക് പുതിയതായിരുന്നു. ഞാൻ എത്തിയപ്പോൾ വിമാനത്താവളത്തിൽ എന്നെ സ്വാഗതം ചെയ്തത്. അന്നത്തെ കിരീടാവകാശിയും ഇന്നത്തെ രാഷ്ട്രപതിയുമായ വ്യക്തിയും ഒപ്പം അദ്ദേഹത്തിൻ്റെ അഞ്ച് സഹോദരന്മാരും കൂടി ചേർന്നായിരുന്നു. ആ ഊഷ്മളതയും അവരുടെ കണ്ണുകളിലെ തിളക്കവും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. ആ സ്വാഗതം എനിക്ക് മാത്രമായിരുന്നില്ല, 140 കോടി ഇന്ത്യക്കാർക്കും വേണ്ടിയായിരുന്നു.´´- മോദി പറഞ്ഞു. ഹിന്ദി, മലയാളം, തമിഴ്, ബംഗാളി, ഗുജറാത്തി ഭാഷകളിലും സംസാരിച്ച് മോദി സ്റ്റേഡിറ്റത്തിൽ എത്തിയവരെ കയ്യിൽ എടുത്തു.