ഐക്യരാഷ്ട്ര സംഘടന ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറി. ജൂണോടുകൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി. ഈ സമയം, ചൈനയുടെ ജനസംഖ്യ 142.57 കോടിയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയേക്കാൾ 29 ലക്ഷം ജനം ഇന്ത്യയിൽ കൂടുതലായി. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വർഷം കുറഞ്ഞിരുന്നു. 1950-ൽ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളുടെ യുഎൻ പട്ടികയിൽ ഒന്നാമതെത്തുന്നത്. ജൂണിൽ ആഗോള ജനസംഖ്യ 8.045 ബില്യണിലെത്തുമെന്നും റിപ്പോർട്ട് പറയുന്നു.
സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യയുടെ വാർഷിക ജനസംഖ്യാ വളർച്ച 2011 മുതൽ ശരാശരി 1.2% ആണ്. മുൻ 10 വർഷങ്ങളിലേത് 1.7% ആയിരുന്നു. ഇന്ത്യയുടെ അവസാന സെൻസസ് 2011-ലാണ് നടന്നത്. , 2011 മുതൽ സെൻസസ് നടത്തിയിട്ടില്ലാത്തതിനാൽ ഇന്ത്യയിലെ ജനസംഖ്യയെക്കുറിച്ച് ഔദ്യോഗിക വിവരം ലഭ്യമല്ല. ഇന്ത്യയുടെ സെൻസസ് 2021-ൽ നടക്കേണ്ടതായിരുന്നു. എന്നാൽ കൊവിഡ് വ്യാപനം കാരണം വൈകി.
2023 ഏപ്രിൽ 14 ന് ഇന്ത്യയിലെ ജനസംഖ്യ 142 കോടി ആയിരിക്കുമെന്നാണ് നേരത്തെ റോയിട്ടേഴ്സ് പറഞ്ഞത്. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വൈകുമെന്നും ഇന്ത്യ ഇക്കാര്യം അംഗീകരിക്കാൻ അടുത്ത സെൻസസ് പൂർത്തിയാകും വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റോയിട്ടേഴ്സ് പറയുന്നത്. ചൈനയിൽ ഏതാനും വർഷങ്ങളായി ജനസംഖ്യ കുറയുന്നതാണ് ഇന്ത്യ മുന്നിലെത്താനുള്ള കാര്യമെന്നാണ് റോയിട്ടേഴ്സ് ചൂണ്ടികാട്ടുന്നത്.
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനം 0-14 വയസ്സിനിടയിലുള്ളവരാണ്. 18 ശതമാനം പേർ 10 മുതൽ 19 വയസ്സുവരെയുള്ളവർ. 26 ശതമാനം പേർ 10 മുതൽ 24 വയസ്സ് വരെയുള്ളവർ. 68 ശതമാനം പേർ 15 നും 64 നും ഇടയിൽ പ്രായമുള്ളവർ. 7 ശതമാനം പേർ 65 വയസ്സിന് മുകളിലുള്ളവരാണ്. ഇന്ത്യയിലെ ജനസംഖ്യാ കണക്കുകൾ ഓരോ സംസ്ഥാനത്തിലും വ്യത്യസ്തമാണെന്നും വിദഗ്ധർ പറയുന്നു. കേരളത്തിലും പഞ്ചാബിലും പ്രായമായവരാണ് കൂടുതൽ. ബിഹാറിലും ഉത്തർപ്രദേശിലും യുവാക്കളാണ് കൂടുതൽ.