അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിച്ച ഹൈക്കമാൻഡ് തീരുമാനത്തെ തള്ളി ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിംഗ്. രഷ്‌ട്രീയക്കാരനായല്ല വിശ്വാസിയെന്ന നിലയിലാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന നിലപാടിൽ ഞാൻ ഉറച്ചു നിൽക്കുന്നു. അയോദ്ധ്യയിലെത്തുന്നത് രാഷ്‌ട്രീയക്കാരനെന്ന നിലയിലല്ല. ഭഗവാൻ ശ്രീരാമന്റെ ഭക്തനായ വീർഭദ്ര സിംഗിന്റെ മകനായാണ്. അദ്ദേഹത്തിന്റെ മകനെന്ന നിലയിൽ ചടങ്ങിൽ പങ്കെടുക്കേണ്ടത് കടമയാണ്. ഒരു പുത്രന്റെ കടമ നിർവഹിക്കാതിരിക്കാൻ എനിക്കാവില്ല. ശ്രീരാമ ജന്മഭൂമിക്കായുള്ള പ്രക്ഷോഭത്തിൽ പിതാവും പങ്കെടുത്തിട്ടുണ്ട്. തന്റെ നിലപാടിനെ പറ്റി പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വിക്രമാദികത്യ സിംഗ് പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ച ആർഎസ്എസിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശിൽ നിന്ന് ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരിൽ ഒരാളാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ക്ഷണിച്ചതിൽ ആർഎസ്എസിനും വിഎച്ച്പിക്കും നന്ദി. ചരിത്രത്തിന്റെ ഭാഗമാകാനുള്ള അപൂർവ അവസരമാണിത്. സ്വാഭിമാനമുള്ള ഹിന്ദു എന്ന നിലയിൽ ചടങ്ങിൽ പങ്കെടുക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. – സിംഗ് കൂട്ടിച്ചേർത്തു
ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് ചടങ്ങ് കോൺഗ്രസ് ബഹിഷ്‌കരിക്കുമെന്ന കാര്യം അറിയിച്ചത്. ചടങ്ങിൽ പങ്കെടുത്താൽ മുസീം വോട്ട് ബാങ്ക് ചോരുമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് എഐസിസിയ്‌ക്ക് സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി ജയറാം രമേശ് അറിയിച്ചത്.