വടക്കൻ സിക്കിമിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ വൻ മണ്ണിടിച്ചിലിൽ ആയിരത്തിലധികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായും വാഹന ഗതാഗതം സാരമായി ബാധിച്ചതായും അധികൃതർ അറിയിച്ചു. വടക്കൻ സിക്കിമിലാണ് മണ്ണിടിച്ചിലുണ്ടായത്. 200ഓളം വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴ മേഖലയിൽ തുടരുകയാണ്.
“ലാചെൻ ചുങ്താങ് റോഡിലും ലാച്ചുങ് ചുങ്താങ് റോഡിലും മുൻഷിതാങ്ങിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കൂടാതെ, വടക്കൻ സിക്കിമിൽ തുടർച്ചയായി മഴ പെയ്യുന്നു. ചുങ്താങ്ങിലേക്കുള്ള റോഡ് തുറന്നിരിക്കുന്നു, പക്ഷേ കനത്ത മഴ കാരണം രാത്രിയിൽ അവിടെ പ്രവേശിക്കാൻ കഴിയില്ല,” മംഗൻ ജില്ലാ പോലീസ് സൂപ്രണ്ട് സോനം ദെച്ചു ഭൂട്ടിയ പറഞ്ഞു.
ചുങ്താങിലേക്കുള്ള റോഡ് തുറന്നിട്ടുണ്ടെങ്കിലും കനത്ത മഴയെ തുടർന്ന് ഇവിടേക്ക് പ്രവേശിക്കാൻ സാധിക്കില്ല. വിനോദസഞ്ചാരികൾക്ക് നൽകിയിരുന്ന എല്ലാ പെർമിറ്റുകളും മുൻകരുതലിന്റെ ഭാഗമായി റദ്ദാക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വടക്കൻ സിക്കിമിലേക്ക് വിനോദസഞ്ചാരികളെ അയക്കരുതെന്ന് ജില്ലാ ഭരണകൂടം ടൂർ ഓപറേറ്റർമാർക്ക് നിർദേശം നൽകി. സിക്കിമിന്റെ തലസ്ഥാനമായ ഗ്യാങ്‌ടോക്കിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ചുങ്താങ്