ചൊവ്വാഴ്ച രാവിലെ രാജിവെച്ച ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പിൻഗാമിയായി ബിജെപി നേതാവ് നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം 5 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര എംപിയുമാണ് നായബ് സിംഗ് സൈനി. മനോഹര്‍ ലാല്‍ ഖട്ടാറിന്‍റെ അടുപ്പക്കാരൻ തന്നെയാണ് നായബ് സൈനിയും എന്നത് ശ്രദ്ധേയമാണ്. ഹരിയാനയിലെ ഭരണകക്ഷിയായ ബി.ജെ.പി.യിലും ജനനായക് ജനതാ പാർട്ടി (ജെ.ജെ.പി.) സഖ്യത്തിനും ഉള്ളിലെ വിള്ളലുകളെക്കുറിച്ചുള്ള വ്യാപകമായ ഊഹാപോഹങ്ങൾക്കൊടുവിലായിരുന്നു മനോഹർ ലാൽ ഖട്ടറിൻ്റെ രാജി
ഖട്ടർ ഉൾപ്പെടെ 14 മന്ത്രിമാരും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപിയിൽ നിന്നുള്ള മൂന്ന് അംഗങ്ങളും അടങ്ങുന്നതായിരുന്നു സ്ഥാനമൊഴിയുന്ന മന്ത്രിസഭ. എല്ലാവരും ഒരുമിച്ച് രാജി സമർപ്പിച്ചു. ഗവർണറുടെ വസതിയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന
2014ല്‍ നാരായണ്‍ഗഡില്‍ നിന്ന് എംഎല്‍എ ആയ നായബ് സൈനി, 2016ല്‍ ഹരിയാനയില്‍ മന്ത്രിയായി. 2019 ല്‍ കുരുക്ഷേത്രയില്‍ നിന്ന് എംപിയായി. പിന്നോക്ക വിഭാഗത്തില്‍ നിന്നുയര്‍ന്നുവന്ന നേതാവാണ് നായബ് സൈനി. ഹരിയാനയില്‍ ആകെ 8 ശതമാനം മാത്രമുള്ള ‘സൈനി’ വിഭാഗക്കാരൻ.
മനോഹര്‍ ലാല്‍ ഖട്ടാര്‍ തന്നെ തുടരുമെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ബിജെപിക്ക് അകത്തുനിന്ന് തന്നെയുണ്ടായിരുന്നു. അതേസമയം ഹരിയാനയില്‍ കര്‍ഷകസമരം, ഗുസ്തി താരങ്ങളുടെ സമരം എന്നിവ വലിയ രീതിയില്‍ രാഷ്ട്രീയസമ്മര്‍ദ്ദമുണ്ടാക്കിയെന്നും ഇതിന്‍റെ ഫലമായാണ് ജെജെപി-ബിജെപി സഖ്യത്തിന്‍റെ വേര്‍പിരിയലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപിയെ മടുത്ത ജനം തീരുമാനമെടുത്ത് കഴിഞ്ഞുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. അതേസമയം മനോഹർ ലാല്‍ ഖട്ടാർ കർണാലില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനയും വരുന്നുണ്ട്.