ദുബായിൽ ഇഫ്താർ വിതരണത്തിന് 1200 പെർമിറ്റുകൾ നൽകിയതായി ദുബായിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതനുസരിച്ച് റമദാനിൽ പൗരന്മാർക്കും പ്രവാസികൾക്കും പ്രയോജനപ്പെടുത്താവുന്ന പ്രതിദിനം 1.2 മില്യൺ ഇഫ്താർ കിറ്റുകൾ നൽകുന്നതിന് ഈ അനുമതി സഹായകമാകുമെന്ന് വകുപ്പ് ഡയറക്ടർ ജനറൽ അഹമ്മദ് ദാർവിഷ് അൽ മുഹൈരി പറഞ്ഞു.
ദുബായ് മീഡിയ കൗൺസിൽ ചെയർമാനും രണ്ടാം ഉപഭരണാധികാരിയുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ആരംഭിച്ച റമസാൻ ഇൻ ദുബായ് ക്യാംപെയിനിന്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇസ്‌ലാമിക, സാംസ്കാരിക കൂട്ടായ്മ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നാല് വിഭാഗങ്ങളിലായാണ് പരിപാടികൾ തരംതിരിച്ചിരിക്കുന്നത്. ദുബായിലെ പള്ളികളിൽ ഒന്നിലധികം ഭാഷകളിൽ പ്രഭാഷണ പരമ്പരയും നടക്കും.