ത്രിപുരയിലെ സിപിഎം-കോൺഗ്രസ് സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. ‘ദുർഭരണത്തിന്റെ പഴയ കളിക്കാർ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. കേരളത്തിൽ പരസ്പരം ഗുസ്തി പിടിക്കുന്നവരാണ് ത്രിപുരയിൽ സൗഹൃദം കൂടുന്നത്. പ്രതിപക്ഷത്തിന് വോട്ടുകൾ വിഘടിച്ചു പോകണമെന്നതാണ് ആവശ്യം. കുതിരക്കച്ചവടം സ്വപ്നം കണ്ട് പുറത്തിറങ്ങിയവർ വീട്ടിൽതന്നെ ഇരിക്കുന്നതാണ് നല്ലത്’– ത്രിപുരയിലെ അംബാസയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേ മോദി പറഞ്ഞു. ദരിദ്രർ എന്നും ദരിദ്രരായി തന്നെ തുടരാനാണ് ഇരു പാർട്ടികളും ആഗ്രഹിക്കുന്നതെന്നും പാവങ്ങൾക്കായി ധാരാളം മുദ്രാവാക്യങ്ങൾ വിളിക്കുന്ന ഇവർ അവരുടെ വേദന മനസ്സിലാക്കാനോ അത് ഇല്ലാതാക്കാനോ പ്രവർത്തിച്ചിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി.
‘ഒരുകാലത്ത് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ സിപിഎം പ്രവർത്തകർ കയ്യേറിയിരുന്നു. എന്നാൽ ബിജെപി ഭരണത്തിൻ കീഴിൽ ഇവിടെ നിയമവാഴ്ചയുണ്ടായി. ഭയത്തിന്റെ അന്തരീക്ഷത്തിൽനിന്ന് ബിജെപി ജനങ്ങളെ മുക്തരാക്കി. മുൻപ് സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥ ദയനീയമായിരുന്നു. എന്നാൽ ഇപ്പോൾ തല ഉയർത്തിപ്പിടിച്ചാണ് അവർ വീടുകളിൽനിന്ന് പുറത്തിറങ്ങുന്നത്. കോൺഗ്രസും ഇടത് പാർട്ടികളും ജനങ്ങളെ കൂടുതൽ ദരിദ്രരാക്കി മാറ്റുന്നു. ജനങ്ങൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവർ അവരുടെ സങ്കടങ്ങൾ അറിയുന്നില്ലെന്നും മോദി വിമര്‍ശിച്ചു. ത്രിപുരയിലെ ജനങ്ങളെ വർഷങ്ങളായി കൊള്ളയടിച്ചവർ തെരഞ്ഞെടുപ്പിൽ ഒന്നിക്കുകയാണ്, ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാറാണ് ത്രിപുരയിൽ വികസനമെത്തിച്ചതെന്നും മോദി പറഞ്ഞു.