ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വിധിയെഴുത്ത് പൊതുവെ സമാധാനപരമായിരുന്നു. 89 നിയമസഭാ സീറ്റുകളിലായി 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. 59.24 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ച് വരെ 14,382 പോളിംഗ് സ്‌റ്റേഷനുകൾ സജ്ജമായിരുന്നു. താപി ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 72.32 ശതമാനം പോളിംഗാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. 68.09 ശതമാനം പോളിങ് രേഖപ്പെടുത്തിയ നർമദ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. സൗരാഷ്‌ട്ര മേഖലയിലെ ഭാവ്നഗറിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്,
ചില പോളിംഗ് സ്‌റ്റേഷനുകളിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും താപാൽ ബാലറ്റുകൾ ഉൾപ്പെടുന്നതിനാലും ഇപ്പോൾ പുറത്തുവിട്ട കണക്കുകൾ അന്തിമമല്ലെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ അഞ്ചിന് 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലരാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഇന്നലെ വോട്ടെടുപ്പ് നടന്ന് 89 മണ്ഡലങ്ങളിൽ 48 എണ്ണം 2017-ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്വന്തമാക്കിയതാണ്. 40 സീറ്റുകളിൽ കോൺഗ്രസും ഒരിടത്ത് സ്വതന്ത്രനും ജയിച്ചു.