ഗുജറാത്തിലെ മോര്‍ബിയില്‍ പുതുക്കി പണിതശേഷം അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 90 ആയി. മോർബിയിലെ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് വൈകീട്ട് 6.30ഓടെ തകർന്നത്. അപകടം ഉണ്ടാകുന്ന സമത്ത് അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു. മച്ഛു നദിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
140 വർഷത്തിലേറെ പഴക്കമുള്ള പാലം സ്ഥലത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. 1879 ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച പാലമാണിത്.അറ്റകുറ്റപ്പണികൾ നടത്തി ഇക്കഴിഞ്ഞ 25നാണ് പാലം വീണ്ടും തുറന്ന് കൊടുത്തത്.
ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഗ്‌വി സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. എൻ ഡി ആര്‍ എഫിന്റെ മൂന്ന് സംഘങ്ങളാണ് മോർബിയിലെത്തുക. മരിച്ചവരിൽ ഏറെയും കുട്ടികളും പ്രായമേറിയവരുമാണെന്നാണ് വിവരം. നൂറിലേറെ പേര്‍ പുഴയില്‍ വീണെന്നാണ് വിവരം. നാട്ടുകാർ തുടങ്ങിയ രക്ഷാ ദൗത്യം പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളെത്തി ഏറ്റെടുത്തു. നേവിയുടെ 50 അംഗ സംഘവും സ്ഥലത്തേക്ക് തിരിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.