മദ്ധ്യപ്രദേശിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച അപകടത്തിൽ ലോക്കോ പൈലറ്റ് വെന്തുമരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഗുഡ്സ് ട്രെയിൻ മറ്റൊരു ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ ബിലാസ്പൂർ സോണിലെ ഷാഹ്ദോൾ സബ് ഡിവിഷനിലെ സിംഗ്പൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 7.15ഓടെയാണ് സംഭവം. വിവരം ലഭിച്ച ഉടൻ റെയിൽവേ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെത്തുടർന്ന്, ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം സ്തംഭിച്ചു.