മുൻ ഇന്ത്യൻ ക്രിക്കറ്റർ ഗൗതം ഗംഭീർ രാഷ്ട്രീയം വിടാനൊരുങ്ങുന്നു. രാഷ്ട്രീയ ചുതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ദേശീയ അധ്യക്ഷനോട് ആവശ്യപ്പെട്ടു. ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള എം.പിയായ ഗൗതം ഗംഭീർ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള താൽപര്യം അറിയിച്ചത്. ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന താത്പര്യം നേതൃത്വത്തെ അറിയിച്ചു.
സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം ഗംഭീർ സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവച്ചു. ക്രിക്കറ്റിൽ ഏറ്റെടുത്ത ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും അവ പൂർത്തിയാക്കാനാണ് രാഷ്ട്രീയം നിർത്തുന്നതെന്നുമാണ് ഗംഭീറിന്റെ വിശദീകരണം. നിലവിൽ ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള എം പിയാണ് ഗൗതം ഗംഭീർ.
രാഷ്ട്രീയ ചുമതലകളിൽ നിന്ന് എന്നെ ഒഴിവാക്കണമെന്നു ബഹുമാനപ്പെട്ട പാർട്ടി പ്രസിഡന്റ് ജെ.പി.നഡ്ഡാജിയോട് ഞാൻ അഭ്യർഥിച്ചു. ക്രിക്കറ്റിൽ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ജനങ്ങളെ സേവിക്കാൻ എനിക്ക് അവസരം നൽകിയതിനു ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ജയ്ഹിന്ദ്’ എന്നായിരുന്നു എക്സിൽ ഗംഭീർ കുറിച്ചത്.
2019ലാണ് ഗൗതം ഗംഭീർ ബി.ജെ.പിയിൽ ചേർന്നത്. പാർട്ടിയുടെ ഡൽഹിയിലെ മുഖമായി ഗംഭീർ മാറുകയും ചെയ്തിരുന്നു. ഈസ്റ്റ് ഡൽഹി സീറ്റിൽ നിന്നും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 6,95,109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. അതേസമയം,2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗൗതം ഗംഭീറിന് സീറ്റു ലഭിക്കില്ലെന്ന് നേരത്തെ തന്നെ അഭ്യൂഹം പരന്നിരുന്നു. ഗംഭീർ തന്നെ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കായികതാരത്തെ പരിഗണിച്ചേക്കില്ല.