തെലങ്കാന മുന്‍ മുഖ്യമന്ത്രികെ ചന്ദ്രശേഖര്‍ റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഫാം ഹൗസില്‍ കാല്‍ വഴുതി വീണതിനെ തുടര്‍ന്നാണ് കെസിആറിനെ ഹൈദരാബാദിലെ യശോദ ആശുപത്രിയിലേക്ക് മാറ്റിയത്. എരവള്ളിയിലെ ഫാം ഹൗസില്‍ വച്ചാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്രമോദിയും എക്സിലൂടെ കെസിആര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ‘തെലങ്കാന മുന്‍ മുഖ്യമന്ത്രി ശ്രീ കെസിആറിന് പരിക്ക് പറ്റിയെന്നറിഞ്ഞതില്‍ വിഷമമുണ്ട്. അദ്ദേഹത്തിന്റെ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും നല്ല ആരോഗ്യത്തോടെയിരിക്കാനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ പ്രധാനമന്ത്രി എഴുതി.
കെസിആറിന്റെ മകളും മുന്‍ എംപിയുമായ കവിത കല്‍വകുന്ത്‌ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പിതാവ് ആശുപത്രിയില്‍ വിദഗ്ധ പരിചരണത്തിലാണെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ കവിത അറിയിച്ചു.
തെലങ്കാനയില്‍ അടുത്തിടെ നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) ഹാട്രിക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും കോണ്‍ഗ്രസാണ് അധികാരത്തിലെത്തിയത്. 119 അംഗ നിയമസഭയില്‍ 64 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ഭരണകക്ഷിയായിരുന്ന ബിആര്‍എസ് 39 സീറ്റുകളാണ് നേടിയത്. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ അവസാനിക്കുന്നതിന് മുമ്പ് തന്നെ കെസിആർ ഗവർണർക്ക് രാജിക്കത്ത് അയച്ചിരുന്നു.