പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയ്ക്ക് വീണ്ടും തിരിച്ചടി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ പാര്‍ട്ടി വിട്ടു. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മേധാവി നാനാ പട്ടോളെയ്ക്ക് ഒരു വരി രാജിക്കത്ത് അയച്ചാണ് അശോക് ചവാന്‍ തീരുമാനമറിയിച്ചത്. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള എന്റെ രാജിക്കത്ത് 12/02/2024 ഉച്ചയ്ക്ക് പ്രാബല്യത്തില്‍ വരും’, എന്നായിരുന്നു കത്ത്. 65 കാരനായ നേതാവ് എംഎല്‍എ സ്ഥാനവും രാജിവെച്ചതായി സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിന് കത്തയച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ബാബ സിദ്ദിഖും മിലിന്ദ് ദിയോറയും പാര്‍ട്ടി വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവവികാസം. 2008 ഡിസംബര്‍ മുതല്‍ 2010 നവംബര്‍ വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ചവാന്‍, മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. മുന്‍ മുഖ്യമന്ത്രി ശങ്കര്‍റാവു ചവാന്റെ മകനാണ് അദ്ദേഹം. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.
അതേസമയം അശോക് ചവാന് ബി.ജെ.പി രാജ്യസഭാ സീറ്റ് നല്‍കാനാണ് സാധ്യതയെന്നാണ് അറിയുന്ന സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ യാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവക്കുന്നത്.