മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മനോഹർ സിങ് ഗിൽ (എം എസ് ഗിൽ) അന്തരിച്ചു. 86 വയസായിരുന്നു. ഡൽഹിയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ലോധി റോഡ് ശ്മശാനത്തിൽ നടക്കും.
ഔദ്യോഗിക ജീവിതത്തിനുശേഷം രാഷ്ട്രീയത്തിലിറങ്ങിയ ആദ്യ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗിൽ. പഞ്ചാബ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗില്ലിനെയും ജി.വി.ജി.കൃഷ്ണമൂർത്തിയെയും ചേർത്ത് 1993ൽ തിരഞ്ഞെടുപ്പു കമ്മിഷനെ വിപുലീകരിച്ചത് ടി.എൻ.ശേഷൻ തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്നപ്പോഴാണ്.
1996 ഡിസംബർ മുതർ 2001 ജൂണ്‍ വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗിൽ സേവനമനുഷ്ഠിച്ചു. വിരമിച്ചശേഷം കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അംഗമായി രാജ്യസഭയിൽ എത്തി. 2004 മുതൽ 2016 വരെ രാജ്യസഭാംഗമായിരുന്നു. 2008ൽ യുപിഎ സർക്കാരിൽ കേന്ദ്ര യുവജനകാര്യ, കായിക, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രിയായി. 2000ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.