ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്ഫോടനം. ഞായറാഴ്ചയുണ്ടായ കനത്ത മഴയിൽ വിവിധ ഭാഗങ്ങളിലായി രണ്ട് പേർ മരിച്ചു. കുളു, മണാലി, മണ്ഡി മേഖലകളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും ആണ് വാഹനത്തിൽ കുടുങ്ങിയ ഒരാൾ ഉൾപ്പെടെ രണ്ടുപേർ മരിച്ചത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിരവധി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കൺട്രോൾ റൂം സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു. കാലാവസ്ഥാ നിരീക്ഷിച്ചതിന് ശേഷം മാത്രം യാത്ര തുടരാൻ ചാർ ധാം തീർഥാടകരോട് നിർദ്ദേശിച്ചു.
മണ്ഡിയിൽ കനത്ത മഴയിൽ ഉരുൾപ്പൊട്ടലുമുണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ചണ്ഡിഗഡ്-മണാലി റോഡിലും മണ്ണിടിച്ചിലുണ്ടായി. റോഡിൽ കല്ലും മണ്ണും വീണതിനെ തുടർന്ന് പ്രദേശത്താകെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇതേത്തുടർന്ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഇരുനൂറോളം പേർ പ്രദേശത്ത് കുടുങ്ങി.

