സംഘർഷം നടക്കുന്ന സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ ബാച്ചിനെ ഇന്ത്യയുടെ നാവിക കപ്പലായ ഐഎന്‍എസ് സുമേധയില്‍ ഒഴിപ്പിച്ചു. . ‘ഓപ്പറേഷന്‍ കാവേരി’ ദൗത്യത്തിന്റെ ഭാഗമായി പോര്‍ട്ട് സുഡാനില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ 278 പേരുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഇവരെ സൗദി അറേബ്യന്‍ നഗരമായ ജിദ്ദയിലേക്കാണ് എത്തിക്കുക.
സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള അധികാര പോരാട്ടത്തെത്തുടര്‍ന്ന് രൂക്ഷമായ സംഘർഷം നടക്കുന്ന സുഡാനില്‍ നിന്ന് പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ തിങ്കളാഴ്ചയാണ് ‘ഓപ്പറേഷന്‍ കാവേരി’ ആരംഭിച്ചത്. നിലവില്‍ സുഡാനിലുള്ള മൂവായിരത്തിലധികം ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷക്കു വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. പദ്ധതികളുടെ ഭാഗമായി ഐഎഎഫിന്റെ രണ്ട് വിമാനങ്ങള്‍ ജിദ്ദയിലും നാവികസേനയുടെ കപ്പലായ ഐഎന്‍എസ് സുമേധ പോര്‍ട്ട് സുഡാനിലും തയ്യാറായിരുന്നു. കഴിഞ്ഞ 13 ദിവസമായി സുഡാന്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ നടക്കുന്ന സംഘർഷത്തിൽ 480 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.