സെർവിക്കൽ കാൻസർ ബാധിച്ച് പൂനം പാണ്ഡെ മരിച്ചെന്നാണ് വെള്ളിയാഴ്ച രാവിലെ മുതൽ പ്രചരിച്ച വാർത്ത. വ്യാഴാഴ്ച രാത്രി സെർവിക്കൽ കാൻസർ മൂലം നടി മരണമടഞ്ഞെന്ന് ഇന്നലെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ മരിച്ചിട്ടില്ലെന്ന വിശദീകരണത്തോടെ പൂനം പാണ്ഡെ തന്നെ രംഗത്തെത്തി. വാർത്ത പ്രചരിച്ച് 24 മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് പൂനം വിശദീകരണം നൽകിയത്. വീഡിയോയിൽ ആരോഗ്യവതിയായിരുന്നു പൂനം. താൻ മരിച്ചെന്ന വാർത്ത പരമാവധി പ്രചരിക്കാൻ അവർ അവസരം നൽകിയെന്നും വിമർശനമുയരുന്നു. സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് താൻ മരണവാർത്ത പ്രചരിപ്പിച്ചതെന്ന് പൂനം പറയുന്നു.
രൂക്ഷ വിമർശനമാണ് പൂനം പാണ്ഡെക്കെതിരെ ഉയർന്നത്. സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും വൈറലാകാൻ ആരും ചെയ്യാത്ത രീതിയിലുള്ള സെൽഫ് പ്രൊമോഷനാണ് മരണവാർത്ത പ്രചരിപ്പിച്ചതിലൂടെ പൂനം പാണ്ഡെ ചെയ്തത് എന്ന് കടുത്ത വിമർശം ഉയരുന്നുണ്ട്.