കൊല്‍ക്കത്ത: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ ഒരുനോക്ക് കാണാൻ കഴിയാത്തതിനെ തുടർന്ന് അക്രമം അഴിച്ചുവിട്ട് ആരാധകർ. ‘ഗോട്ട് ടൂർ ഇന്ത്യ’യുടെ ഭാഗമായി കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയിലാണ് സംഘർഷം അരങ്ങേറിയത്. അതേസമയം സംഭവത്തില്‍ ഇവന്റിന്റെ മുഖ്യ സംഘാടകൻ സതാദ്രു ദത്തയെ പൊലീസ് അറസ്റ്റു ചെയ്തു.
പരിപാടിയുടെ നടത്തിപ്പിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് ഇയാള്‍ അറസ്റ്റിലായത്. ടിക്കറ്റിന്റെ പണം തിരികെ നല്‍കാൻ സംഘാടകർ സമ്മതിച്ചിട്ടുണ്ടെന്നും ഇത് നടപ്പിലാക്കുന്നത് നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. 5,000 മുതല്‍ 25,000 രൂപ വരെ മുടക്കി ടിക്കറ്റെടുത്ത് എത്തിയ ആരാധകർക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിഐപി അതിഥികളുടെയും ബാഹുല്യം കാരണം താരത്തെ ശരിയായി കാണാൻ കഴിഞ്ഞിരുന്നില്ല.
ഇതില്‍ നിരാശരായ ആരാധകർ ഇരിപ്പിടങ്ങളും കുപ്പികളും മൈതാനത്തേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതോടെ സ്റ്റേഡിയത്തില്‍ വൻ സംഘർഷമാണ് പൊട്ടിപ്പുറപ്പെട്ടത്. ഇന്ന് രാവിലെ 11.15നാണ് കൊല്‍ക്കത്തയിലുള്ള യുവഭാരതി സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മെസി എത്തിയത്. വെറും 15 മിനിട്ടാണ് മെസി സ്റ്റേഡിയത്തില്‍ സമയം ചെലവഴിച്ചത്.

