രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതിനെ തുടർന്ന് ഡല്‍ഹി സര്‍വീസസ് ആക്ട് നിയമമായി. ദേശീയ തലസ്ഥാനത്തെ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ഓര്‍ഡിനന്‍സിന് പകരമാണ് കേന്ദ്രം ഈ ബില്‍ കൊണ്ടുവന്നത്. ഓഗസ്റ്റ് 1 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍, പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ഉദ്യോഗസ്ഥ നിയമനങ്ങളിലും ട്രാന്‍സ്ഫറുകളിലും കേന്ദ്രത്തിന് പൂര്‍ണ അധികാരം നല്‍കുന്നതാണ് ഡല്‍ഹി സര്‍വീസ് ബില്‍. ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ബിൽ, 2023 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവതരിപ്പിച്ചത്. ഡൽഹിയുമായി ബന്ധപ്പെട്ട് ഏത് നിയമവും കൊണ്ടുവരാൻ ഭരണഘടന പാർലമെന്റിന് എല്ലാ അവകാശവും നൽകുന്നുവെന്ന് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.
ആഗസ്റ്റ് 7ന് ബില്‍ രാജ്യസഭയില്‍ പാസായി. രാജ്യതലസ്ഥാനത്തെ ഉദ്യോഗസ്ഥരുടെമേല്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍, ഉപരിസഭയില്‍ 131 അനുകൂല വോട്ടുകള്‍ക്കാണ് പാസായത്. ബില്ലിനെതിരെ 102 വോട്ടും ലഭിച്ചിരുന്നു.