ആമിർ ഖാൻ ചിത്രമായ ദംഗലിൽ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുഹാനി ഭട്‌നാഗർ അന്തരിച്ചു. 19 വയസ്സായിരുന്നു. സുഹാനിക്ക് മുമ്പ് കാലിന് ഒടിവ് സംഭവിച്ചിരുന്നു, ചികിത്സയ്ക്കിടെ ലഭിച്ച മരുന്നുകൾ പാർശ്വഫലങ്ങൾക്ക് കാരണമായി. ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടർന്നാണു മരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചികിത്സയ്ക്കായി സുഹാനിയെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ത്യകർമങ്ങൾ ശനിയാഴ്ച നടക്കും. 2016-ൽ പുറത്തിറങ്ങിയ ദംഗൽ എന്ന ചിത്രത്തിൽ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സുഹാനി അറിയപ്പെടുന്നത്. ചില പരസ്യങ്ങളുടെ ഭാഗവുമായിരുന്നു.
കാലിന് ഒടിവുണ്ടായതിനെത്തുടർന്ന് കഴിച്ച മരുന്നിൽ നിന്നുണ്ടായ പാർശ്വഫലത്തെ തുടർന്ന് ഡൽഹിയിൽ വച്ചാണ് മരണമെന്നാണ് റിപ്പോർട്ട്. മരണം ആമിർ ഖാൻ്റെ പ്രൊഡക്ഷൻ ഹൗസ് സ്ഥിരീകരിച്ചു. പ്രൊഡക്ഷൻ ഹൗസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ ; “ഞങ്ങളുടെ സുഹാനിയുടെ മരണവാർത്ത കേട്ടതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അവളുടെ അമ്മ പൂജാജിക്കും മുഴുവൻ കുടുംബത്തിനും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം. ഇത്രയും കഴിവുള്ള ഒരു പെൺകുട്ടി, ദംഗൽ സുഹാനിയില്ലാതെ അപൂർണ്ണമായിരുന്നു.” “സുഹാനി, നീ ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും ഒരു നക്ഷത്രമായി നിലനിൽക്കും” എന്നായിരുന്നു കുറിപ്പ്.