ന്യൂഡൽഹി: രാജ്യത്താകമാനം കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താനുള്ള തയാറെടുപ്പിലാണ് സംസ്ഥാനങ്ങൾ. രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ സംസ്ഥാന ങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് കൂടിക്കാഴ്ച നടത്തും. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ പരിശോധന കർശനമാക്കാൻ വ്യോമയാന മന്ത്രാലയത്തോട് കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ പത്തുമണി മുതൽ വിമാനത്തിലെത്തുന്ന യാത്രക്കാരിൽ രണ്ട് ശതമാനം പേരെ വീതം പരിശോധിക്കാനുള്ള തീരുമാനം പുതിയ മാർഗ നിർദേശത്തിൽ ഉണ്ട്. പരിശോധനയ്ക്ക് വിധേയമാക്കേണ്ട യാത്രക്കാരെ വിമാനക്കമ്പനി തിരഞ്ഞെടുക്കേണ്ടതാണെന്നും നിർദേശത്തിൽ പറയുന്നു. തെർമോ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള പരിശോധനകളാകും നടത്തുക. പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ വൈറസിന്റെ വകഭേദം കണ്ടെത്തുന്നതിനുള്ള ജീനോമിക് ടെസ്റ്റിന് വിധേയമാകുമെന്നും ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാന ആരോഗ്യ വകുപ്പും കരുതൽ നടപടികൾ ശക്തമാക്കുകയാണ്. എല്ലാ ജില്ലകളിലേക്കും പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് തീരുമാനം. ഏതെങ്കിലും പ്രദേശത്ത് കേസുകൾ കൂടുതലായി കണ്ടെത്തിയാൽ ഉടനടി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ആരോഗ്യമന്ത്രി നിർദേശം നൽകി.