ലോകസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രതിപക്ഷത്തെ ഏകോപിപ്പിച്ച് ഒന്നിച്ചുനിർത്താനുള്ള നീക്കങ്ങളുമായി കോൺഗ്രസ്. പ്രതിപക്ഷത്തെ പ്രമുഖനേതാക്കളെയെല്ലാം ഭാരത് ജോഡോ യാത്രയിലൂടെ ഒരുമിപ്പിച്ചുനിർത്തുകയാണ് ലക്ഷ്യമെന്നും കോൺഗ്രസ് അറിയിച്ചു. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെയെല്ലാം യാത്രയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് അശോക് സിംഗ് അറിയിച്ചു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര ജനുവരി മൂന്നിന് ഉത്തർപ്രദേശിൽ പ്രവേശിക്കും. സമാജ് വാദിപാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ബി.എസ്. പി നേതാവ് മായാവതി, ആർ. എൽ. ഡി നേതാവ് ജയന്ത് ചൗധരി തുടങ്ങിയവർക്കും ഉത്തർപ്രദേശ് പര്യാടനത്തിലേക്ക് ക്ഷണമുണ്ട്. ആളുകൾക്ക് അവരുടെ കാഴ്ചപ്പാടുകൾ ഉന്നയിക്കാൻ അനുമതിയില്ലാത്ത കാലത്ത് ജനങ്ങളുടെ മനസ് അറിയാനുള്ള ഏകമാർഗവും ജോഡോ യാത്രയാണെന്ന് കോൺഗ്രസ്സ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ പദയാത്ര നിലവിൽ വിശ്രമത്തിലാണ്. ഗാസിയാബാദിലെ ലോനിയിൽ വച്ച് യു പിയിൽ പ്രവേശിക്കുന്ന യാത്ര ഭാഗ്പത് ഷംലി വഴി ഹരിയാനയിലേക്ക് പോകും. പത്തു സംസ്ഥാനങ്ങളിലൂടെ ഇതുവരെ 2800 ലധികം കിലോമീറ്റർ ഭാരത് ജോഡോയാത്ര സഞ്ചരിച്ചുകഴിഞ്ഞു.