രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടർ വില തുടർച്ചയായ അഞ്ചാം മാസവും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയിൽ വർധനവുണ്ടായത്. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. കേരളത്തിൽ 17 രൂപയോളം വർധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിൻ്റെ പുതിയ വില. ചെന്നൈയിൽ 1980.5 രൂപയായി വില വർധിച്ചിട്ടുണ്ട്.
എണ്ണക്കമ്പനികൾ വ്യോമയാന ഇന്ധനത്തിൻ്റെ (എടിഎഫ്) വില കിലോഗ്രാമിന് 13.18.12 രൂപയായി വർധിപ്പിച്ചു. സർക്കാർ എണ്ണ വിപണന കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതി എൽപിജി സിലിണ്ടറുകളുടെ വില മാറ്റുന്നു. കഴിഞ്ഞ മാസം അതായത് നവംബറിലും ഈ സിലിണ്ടറിന് 62 രൂപ വർധിപ്പിച്ചിരുന്നു. ഒക്ടോബർ ഒന്നിന് ഈ സിലിണ്ടർ 1740 രൂപയ്ക്ക് ലഭ്യമായിരുന്നു. ഐഒസിഎൽ പറയുന്നതനുസരിച്ച് ഇപ്പോൾ ഈ സിലിണ്ടറിൻ്റെ വില കൊൽക്കത്തയിൽ 1927 രൂപയും മുംബൈയിൽ 1771 രൂപയും ചെന്നൈയിൽ 1980.50 രൂപയുമായി.
വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോ ഗാർഹിക ഗ്യാസ് സിലിണ്ടറിൻ്റെ വില വർധിപ്പിക്കാത്തത് ആശ്വാസകരമാണ്. ഗാർഹിക ഗ്യാസ് സിലിണ്ടറിൻ്റെ വില 2023 ഓഗസ്റ്റിൽ സർക്കാർ 100 രൂപ കുറച്ചിരുന്നു. അതിനുശേഷം അതിൻ്റെ വിലയിൽ വർധനയുണ്ടായിട്ടില്ല. സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിൻ്റെ വില നിലവിൽ ഡൽഹിയിൽ 803.00 രൂപയ്ക്കും കൊൽക്കത്തയിൽ 829.00 രൂപയ്ക്കും മുംബൈയിൽ 802.50 രൂപയ്ക്കും ചെന്നൈയിൽ 818.50 രൂപയ്ക്കും ലഭ്യമാണ്. ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ഈ സിലിണ്ടറിന് 300 രൂപ സബ്‌സിഡി ലഭിക്കും.