ദില്ലി: ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. തന്റെ പിൻഗാമിയായി ചന്ദ്രചൂഡിനെ നിർദേശിച്ചു കൊണ്ടുള്ള ശുപാർശ ചീഫ് ജസ്റ്റിസ് യു.യു.ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറി. ഒക്‌ടോബർ ഏഴിന് സിജെഐ ലളിതിന് പിൻഗാമിയെ ശുപാർശ ചെയ്യാൻ സർക്കാർ കത്തയച്ചിരുന്നു. നവംബര്‍ എട്ടിനാണ് യുയു ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുന്നത്.
ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സുപ്രീം കോടതിയിലെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനാവും. രണ്ട് വർഷത്തെ കാലാവധിയുള്ള അദ്ദേഹം 2024 നവംബർ 10-ന് വിരമിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസും മുംബൈ ഹൈക്കോടതിയിലെ ജഡ്ജിയുമായിരുന്നു. നിലവിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി പ്രവർത്തിക്കുന്ന അദ്ദേഹം ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ്. ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസാണ് ജ. ഡി.വൈ.ചന്ദ്രചൂഡ്. 2024 നവംബർ പത്തിന് വിരമിക്കുന്ന അദ്ദേഹത്തിന് രണ്ട് വർഷം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാനാകും.