മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ നിന്ന് പുറത്തുകടന്ന് ഗ്രാമത്തിലൂടെ വിഹരിച്ചിരുന്ന ഒബാൻ എന്ന ചീറ്റയെ തിരികെ പാർക്കിലെത്തിച്ചു. കുനോ നാഷണൽ പാർക്കിലെ വനത്തിലേക്ക് വിട്ടയച്ച നാല് നമീബിയൻ ചീറ്റകളിൽ ഒന്നാണ് ഒബാൻ. ആശ എന്ന പെൺചീറ്റയ്‌ക്കൊപ്പമാണ് ഇതിനെ കാട്ടിലേക്ക് വിട്ടയച്ചത്. എന്നാൽ ഉദ്യാനത്തിൽ നിന്ന് പുറത്തുകടന്ന് ഒരു ഗ്രാമത്തിൽ എത്തിപ്പെട്ട ചീറ്റ അഞ്ച് ദിവസം കഴിഞ്ഞിട്ടും കുനോയിലേക്ക് മടങ്ങിവരാത്തതിനെ തുടർന്നാണ് പിടികൂടി തിരിച്ചെത്തിച്ചത്.
ആഗ്ര ഫോറസ്‌റ്റ് റേഞ്ച് ഉൾപ്പെടെ കുനോയിൽ നിന്നുള്ള നിരവധി ടീമുകൾ ഗ്രാമങ്ങളും വനങ്ങളും ചുറ്റി സഞ്ചരിക്കുമ്പോൾ ഒബാനെ തുടർച്ചയായി നിരീക്ഷിച്ചു കൊണ്ടിരുന്നു. പാർക്കിലേക്ക് മടങ്ങുന്നതിന്റെ ലക്ഷണമൊന്നും കാണിക്കാത്തതിനെ തുടർന്ന് ഇന്നലെ വനംവകുപ്പ് സംഘം രാംപുര ഗ്രാമത്തിൽ ഉണ്ടായിരുന്ന ഒബാന് മയക്കാനുള്ള മരുന്ന് നൽകി കുനോയിലേക്ക് തിരികെ കൊണ്ടുവന്നു. ഒബാനെ കൂടാതെ എൽട്ടൺ, ഫ്രെഡി എന്നീ രണ്ട് ആൺ ചീറ്റകളെ കൂടി വിജയകരമായി തുറന്നുവിട്ടിരുന്നു.
ഇന്ത്യയിൽ വംശനാശം വന്ന ചീറ്റകളെ കഴിഞ്ഞ വര്ഷത്തോടുകൂടിയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. രണ്ട് ബാച്ചുകളിലായി ആകെ 20 ചീറ്റകളാണ് ഇന്ത്യയിലെത്തിയത്. നമീബിയയിൽ നിന്നുള്ള എട്ട് ചീറ്റകളുടെ ആദ്യ ബാച്ച് 2022 സെപ്റ്റംബറിൽ എത്തി. പിന്നീട് ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി വന്നു.