മദ്യ അഴിമതികുംഭകോണ കേസിൽ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയ്ക്ക് വീണ്ടും സിബിഐ നോട്ടീസ് നൽകി. ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാ കണമെന്നാണ് സിബിഐയുടെ നിർദ്ദേശം. ശനിയാഴ്ച ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ച സിസോദിയ അന്വേഷണത്തോട് സഹകരിക്കുമെന്നും പ്രതികരിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ സിസോദിയ ഉൾപ്പെടെ14 പേർക്ക് എതിരെ സിബിഐ പ്രത്യേക കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മദ്യ കച്ചവടക്കാർക്ക് ലൈസൻസ് നൽകുന്ന ഡൽഹി സർക്കാറിന്റെ നയത്തിൽ അഴിമതി നടന്നിട്ടുണ്ട് എന്ന ആരോപണത്തെ മുൻനിർത്തിയായിരുന്നു എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇപ്പോൾ മനേഷ് സിസോദിയയ്ക്കെതിരെ ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ നോട്ടീസ് നൽകിയത്. മദ്യ കച്ചവടവുമായി ബന്ധപ്പെട്ട് ചില ഡീലർമാരിൽ നിന്ന് വൻ തുക കൈക്കൂലി വാങ്ങിയതായും ആരോപണം ഉയർന്നിരുന്നു.
നാളെ ഹാജരാക്കണം എന്ന് സിബിഐ ആവശ്യപ്പെട്ടതായും ഇ ഡിയുടെയും സിബിഐയുടെയും മുഴുവൻ അധികാരവും തനിക്കെതിരെ ഉപയോഗിച്ചതായും ട്വീറ്റിൽ സിസോദിയ പറയുന്നു. തന്റെ വീട്ടിൽ റെയ്ഡ് നടത്തിയിട്ടും ബാങ്ക് ലോക്കർ പരിശോധിച്ചിട്ടും ഒന്നുംതന്നെ തനിക്കെതിരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിസോദിയ കുറിച്ചു.