പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിന്യസിച്ചിരിക്കുന്ന കേന്ദ്രസേന 10 ദിവസം കൂടി സംസ്ഥാനത്ത് തുടരുമെന്ന് കൽക്കട്ട ഹൈക്കോടതി അറിയിച്ചു. സംസ്ഥാന സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെടുന്നത് പ്രകാരം സംഘർഷമേഖലകളിൽ കേന്ദ്ര സേനയെ വിന്യസിക്കുന്നതിനായി 10 ദിവസം കൂടി സേന സംസ്ഥാനത്ത് തുടരണമെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. അതേസമയം ആവശ്യഘട്ടങ്ങളിൽ സേനയെ പിൻവലിക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്ന് ജസ്റ്റിസ് ഹിരൺമയ് ഭട്ടാചാര്യയും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.
സംസ്ഥാനത്ത് വിജയിച്ച എല്ലാ സ്ഥാനാർത്ഥികളുടെയും തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ സംബന്ധിച്ചുള്ള റിട്ട് ഹർജികളുടെ ഫലത്തിന് വിധേയമായിരിക്കുമെന്ന് മുൻ വാദം കേൾക്കുമ്പോൾ കോടതി വ്യക്തമാക്കിയിരുന്നു.അതേസമയം അക്രമം നടന്ന എല്ലാ ബൂത്തുകളുടെയും വീഡിയോ ദൃശ്യങ്ങൾ എസ്‌ഇസിക്ക് കാണുന്നത് അസാധ്യമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ഇക്കാര്യത്തിൽ മറുപടി നൽകാൻ എസ്ഇസിയോട് കോടതി നിർദേശിച്ചു.