പുതുവത്സരാഘോഷങ്ങള്‍ക്കിടെ മുംബൈ നഗരത്തില്‍ ബോംബ് ഭീഷണി. നഗരത്തില്‍ പലയിടത്തും ബോംബ് സ്‌ഫോടനം(bomb blast) നടത്തുമെന്നാണ് അജ്ഞാതന്റ ഭീഷണി ഫോണ്‍ കോള്‍. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കോള്‍ ലഭിച്ചത്. ‘മുംബൈയില്‍ സ്‌ഫോടനമുണ്ടാകുമെന്ന്’ പറഞ്ഞയുടന്‍ കോള്‍ കട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് മുംബൈ പൊലീസ് അതീവ ജാഗ്രതയിലാണ്.
കോളിനെ തുടര്‍ന്ന് നഗരത്തിലെ നിരവധിയിടങ്ങളില്‍ പരിശോധനകള്‍ നടത്തിയതായി പോലീസ് വക്താവ് പറഞ്ഞു. എന്നാല്‍, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പുതുവത്സരാഘോഷം കണക്കിലെടുത്ത് മുംബൈ പൊലീസ് നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ബിറ്റ്കോയിനായി ഒരു മില്യണ്‍ ഡോളര്‍ നല്‍കിയില്ലെങ്കില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്നാണ് സന്ദേശം. quaidacasrol@gmail.com എന്ന ഇ-മെയില്‍ ഐഡിയില്‍ നിന്ന് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലേക്ക് (MIAL) വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.