കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കന്‍. കോൺഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ആദായനികുതി അടക്കാൻ വൈകിയെന്ന പേരിലാണ് നടപടി. 45 ദിവസം വൈകിയെന്ന പേരിൽ 210 കോടി രൂപ പിഴയും ചുമത്തി. പാര്‍ട്ടി ഇൻകംടാക്സ് അതോരിറ്റിയെ സമീപിച്ചതായി അജയ് മാക്കാൻ അറിയിച്ചു. 210 കോടി രൂപയാണ് അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനായി ഇൻകംടാക്സ് ആവശ്യപ്പെട്ടതെന്നും അജയ് മാക്കാൻ വ്യക്തമാക്കി. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി അജയ് മാക്കന്‍ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നടപടിയെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ജനാധിപത്യം മരവിപ്പിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ബില്ലടക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും അടക്കം പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളേയും ഇത് ബാധിക്കും, ന്യായ് യാത്ര മാത്രമല്ല, എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നും അജയ് മാക്കന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി ഭരണഘടന വിരുദ്ധമായി ഇലക്ട്രല്‍ ബോണ്ടിലൂടെ ആറായിരം കോടി സമാഹരിച്ച ബാങ്ക് അക്കൗണ്ട് നിലനില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിന്‍റ അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടത്. നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ഇത് ആദ്യമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതെന്ന് ഓർക്കണം. കോടതിയെയും സമീപിക്കുന്നത് പരിഗണിക്കുന്നതായും അജയ് മാക്കൻ വിശദീകരിച്ചു.