വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ വ്യക്തമായി. ത്രിപുര ഉറപ്പിച്ച് ബിജെപി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്നു. ത്രിപുരയിൽ ബിജെപി–ഐപിഎഫ്ടി സഖ്യവും സിപിഎം–കോൺഗ്രസ് സഖ്യവും കടുത്ത പോരാട്ടത്തിലാണ്. ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ.
60 നിയമസഭാ സീറ്റുകളിൽ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 നിയമസഭാ സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്.
ഫെബ്രുവരിയിലാണ് ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടന്നത്. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചു. മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി ആകെ180 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിൽ നിലവിൽ ബിജെപി മുഖ്യമന്ത്രിയാണ്, നാഗാലാൻഡിൽ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി), മേഘാലയയിൽ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) സർക്കാരുകളാണ് ഉള്ളത്.