ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി സാധ്യതയെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി എഐ സിഇഒ സാം ആൾട്ട്മാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ സാം ആൾട്ട്മാൻ പ്രധാനമന്ത്രിയുമായി പങ്കുവച്ചു. ഡൽഹി ഐഐഐടിയിൽ നടന്ന ഡിജിറ്റൽ ഇന്ത്യ ഡയലോഗ് പരിപാടിക്കിടെയായിരുന്നു ആൾട്ട്മാൻ മോദിയുമായുള്ള കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ ആസ്വാദ്യകരമായിരുന്നുവെന്നും സാം ആൾട്ട്മാൻ പറഞ്ഞു. ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ചും വളർന്നുവരുന്ന ഈ സാങ്കേതികവിദ്യയുടെ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിയന്ത്രണങ്ങളുടെ ആവശ്യകതയെക്കുറിച്ചും ചർച്ച ചെയ്തുവെന്ന് സാം ആൾട്ട്മാൻ വ്യക്തമാക്കി. രാജ്യത്തിന്റെ സാധ്യതകളെക്കുറിച്ചും ഇന്ത്യക്ക് ആവശ്യമായ നടപടികളെക്കുറിച്ചും പ്രതികൂല പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള ആഗോള നിയന്ത്രണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചുവെന്ന് ആൾട്ട്മാൻ വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ സംതൃപ്തനാണെന്നും, മികച്ച അനുഭവമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.