വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പിറ്റിലേക്ക് ക്ഷണിച്ച പൈലറ്റുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍ നിന്നും ലേയിലേക്ക് പുറപ്പെട്ട എ.ഐ-445ാം നമ്പര്‍ വിമാനത്തിലെ രണ്ടു പൈലറ്റുമാര്‍ക്കെതിരെയാണ് എയര്‍ ഇന്ത്യയുടെ നടപടി. കോക്പിറ്റ് നിയമലംഘനം നടത്തിയതായി കാബിൻ ക്രൂ നൽകിയ പരാതിയെ തുടർന്നാണ് എയർ ഇന്ത്യ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡയറക്ട്‌റേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷനും(ഡി.ജി.സി.എ) വ്യക്തമാക്കി. അടുത്തിടെ റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്.
അപകട സാധ്യത ഏറെയുള്ള പാതയാണ് ഡല്‍ഹി-ലേ. ഗുരുതരമായ സുരക്ഷാ ലംഘനമാണ് നടന്നതെന്നും പൈലറ്റുമാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ഒരു മാസം മുമ്പ് ഡല്‍ഹി-ദുബായ് റൂട്ടിലും സമാനമായ സംഭവം നടന്നിരുന്നു.അന്ന് പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ കടക്കാന്‍ അനുവദിച്ച പൈലറ്റിന് വിലക്കേര്‍പ്പെടുത്തുകയും 30 ലക്ഷം രൂപ പിഴയിടാക്കുകയും ചെയ്തിരുന്നു.
അതേസമയം, വിശദമായ അന്വേഷണത്തിനായി എയർ ഇന്ത്യ ഒരു കമ്മിറ്റി രൂപീകരിച്ചു. രാജ്യത്തെ ഏറ്റവും പ്രയാസമേറിയതും സെൻസിറ്റീവായതുമായ എയർ റൂട്ടുകളിലൊന്നായി ലേ എയർ റൂട്ട് കണക്കാക്കപ്പെടുന്നതിനാൽ വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും ഭീഷണി ഉയർത്തുന്ന ഒന്നായി ഈ സംഭവത്തെ വിദഗ്ധർ വിലയിരുത്തി. സുരക്ഷയുടെയും നിബന്ധനകളുടെയും ലംഘനം നിയമപ്രകാരം കുറ്റകൃത്യത്തിന് തുല്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.