നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങള്‍ ഉയരുന്നു. സൗന്ദര്യയുടെ വിമാനാപകടത്തിന് 22 വർഷങ്ങൾക്ക് ശേഷം തെലുങ്കുവിലെ മുതിർന്ന നടൻ മോഹൻ ബാബുവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. നടിയുടേത് വെറും അപകട മരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നാണ് ഉയരുന്ന ആരോപണം. ചിട്ടി മല്ലു എന്ന വ്യക്തിയാണ് ഖമ്മം പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്തം തർക്കമാണ് സൗന്ദര്യയുടെ മരണത്തിന് പിന്നിലെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ഖമ്മം ജില്ലയിലെ ഖമ്മം റൂറൽ മണ്ഡലിലെ സത്യനാരായണപുരം ഗ്രാമത്തിൽ താമസിക്കുന്ന ആക്ടിവിസ്റ്റ്, സംഭവത്തിൽ എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു. മഞ്ചു മോഹൻ ബാബു തന്നെ ‘ഭീഷണിപ്പെടുത്തിയെന്നും’ തനിക്ക് ജീവന് സംരക്ഷണം നൽകണമെന്നും അദ്ദേഹം പോലീസിനോട് അഭ്യർത്ഥിച്ചു.
ജല്ലേപ്പള്ളിയിലെ ഗസ്റ്റ് ഹൗസ് മോഹൻ ബാബു ഉപയോഗിച്ചിരുന്നുവെന്ന് പരാതിക്കാരൻ തന്റെ കത്തിൽ ആരോപിച്ചു. ഷംഷാബാദിലെ ജല്ലെപള്ളിയിലുള്ള ആറ് ഏക്കർ ഗസ്റ്റ് ഹൗസ് വിൽക്കാൻ മോഹൻ ബാബു അന്തരിച്ച നടി സൗന്ദര്യയോട് ആവശ്യപ്പെട്ടതായും അവരുടെ സഹോദരൻ അമർനാഥ് അത് നിരസിച്ചതായും ആക്ടിവിസ്റ്റ് തന്റെ കത്തിൽ പറയുന്നു. സർക്കാർ സ്വത്ത് ഏറ്റെടുക്കണമെന്നും നീതി ഉറപ്പാക്കണമെന്നും മോഹൻ ബാബുവിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ഗസ്റ്റ് ഹൗസ് സർക്കാർ ഔദ്യോഗികമായി പിടിച്ചെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നിരവധി ദക്ഷിണേന്ത്യൻ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ മോഹൻ ബാബു ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.
ഭൂമി കൈയേറ്റത്തില്‍ മോഹൻ ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് പരാതിക്കാരൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മോഹൻബാബുവും ഇളയ മകൻ മഞ്ചു മനോജും തമ്മിലുളള സ്വത്ത് തർക്കവും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
199ല്‍ അമിതാഭ് ബച്ചൻ നായകനായെത്തിയ സൂര്യവംശം എന്ന ചിത്രത്തില്‍ രാധ എന്ന കഥാപാത്രത്തെ അഭിനയിച്ച് ശ്രദ്ധേയമായ നടിയാണ് സൗന്ദര്യ. തെലുങ്കിലും തമിഴിലും മലയാളത്തിലും മുൻനിര നായകൻമാരോടൊപ്പവും സൗന്ദര്യ അഭിനയിച്ചിരുന്നു. 2004 ഏപ്രില്‍ 17ന് ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാൻ കരീംനഗറിലേക്ക് യാത്ര ചെയ്യുന്നതിനിടെ സ്വകാര്യ ജെറ്റ് തകർന്നാണ് താരവും സഹോദരനും മരിച്ചത്. 31 വയസായിരുന്ന സൗന്ദര്യ മരിക്കുമ്പോള്‍ ഗർഭിണിയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടസ്ഥലത്ത് നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താൻ സാധിച്ചിരുന്നില്ല.