അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടന്‍ മോഹന്‍ലാല്‍. ആർഎസ്എസ് പ്രാന്ത പ്രചാരക് എസ് സുദർശനിൽ നിന്നാണ് മോഹന്‍ലാല്‍ അക്ഷതം ഏറ്റുവാങ്ങിയത്. നടൻ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മോഹന്‍ലാല്‍ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. “സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി കഴിഞ്ഞു അയോധ്യ. ശ്രീരാമചന്ദ്രനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്റെ പ്രിയനടന്‍ ശ്രീ. മോഹന്‍ലാല്‍ സംഘത്തിന്റെ പ്രാന്തപ്രചാരകന്‍ സുദര്‍ശന്‍ജിയില്‍ നിന്ന് അക്ഷതം ഏറ്റുവാങ്ങി” എന്ന് കെ. സുരേന്ദ്രന്‍ ചിത്രത്തിനൊപ്പം കുറിച്ചു.
ഈ മാസം 22നാണ് ക്ഷേത്രത്തിൽ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12: 30: 32 വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള 7000-തിൽ അധികം വിശിഷ്ട വ്യക്തികളാണ് ചടങ്ങിൽ പങ്കെടുക്കുക.
ഹൈന്ദവരുടെ മിക്ക അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. ജനുവരി 22ന് ആണ് അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്. പ്രമുഖ നടന്മാരും ചലച്ചിത്ര പ്രവര്‍ത്തകരും പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകും. കലാ- സാംസ്‌കാരിക രാഷ്‌ട്രീയ മേഖലകളിലെ നിരവധി പേർ ഇതിനോടകം അക്ഷതം ഏറ്റുവാങ്ങി. സിനിമ മേഖലയിലെ നിരവധിയാളുകള്‍ അക്ഷതം ഈയടുത്ത് ഏറ്റുവാങ്ങിയിരുന്നു. ശ്രീനിവാസന്‍, ഉണ്ണി മുകുന്ദന്‍, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകന്‍ വിനയന്‍ തുടങ്ങി നിരവധി പേര്‍ക്കും അക്ഷതം കൈമാറിയിരുന്നു. ഗായിക കെ എസ് ചിത്രയും അക്ഷതം ഏറ്റുവാങ്ങിയിരുന്നു.