തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയായ മലയാളി യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയെ പിടികൂടാൻ പ്രത്യേക റെയിൽവേ പോലീസ് സംഘത്തെ നിയോഗിച്ചു. ഡി എസ് പിയുടെ നേതൃത്വത്തിൽ 20 അംഗപോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചതായി പോലീസ് പറഞ്ഞു. പ്രതി പെയിന്റിംഗ് തൊഴിലാളിയാണെന്നാണ് പോലീസ് നിഗമനം. ഇയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചുവെന്നും പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും പ്രതിയുടേതെന്ന് കരുതുന്ന ചെരുപ്പ് കണ്ടെടുത്തിട്ടുണ്ട്. ചെരുപ്പിൽ നിന്നും പെയിന്റിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്തെ പെയിന്റ് തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ 17 പേരെ വെള്ളിയാഴ്ച ചോദ്യം ചെയ്തതായി പോലീസ് അറിയിച്ചു.
തെങ്കാശിയിലെ പാവൂർ സത്രം റെയിൽവേ ജീവനക്കാരിയായ കൊല്ലം സ്വദേശിനിയ്ക്ക് നേരെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് ആക്രമണം ഉണ്ടായത്. റെയിൽവേഗേറ്റ് ഡ്യൂട്ടി ഉണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോൺ ചെയ്യുന്നതിനിടെ അക്രമിയെത്തുകയും യുവതിയെ ആക്രമിക്കുകയുമായിരുന്നു. യുവതിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പ്രതി യുവതിയെ റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതി ഉറക്കെ നിലവിളിക്കുകയും അക്രമിയുടെ മുടിയിൽ കുത്തിപ്പിടിക്കുകയും ചെയ്തതോടെ അക്രമി യുവതിയെ ഉപേക്ഷിച്ചു കടന്നുകളയുകയിരുന്നു. യുവതിയുടെ നിലവിളി കേട്ടാണ് ആളുകൾ ഓടിയെത്തിയത്. തുടർന്ന് പോലീസിനെ അറിയിക്കുകയും പോലീസ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു .
അതേസമയം യുവതിയെ ആക്രമിച്ച പ്രതി തമിഴ് സംസാരിക്കുന്ന ആളാണെന്ന് യുവതിയുടെ അമ്മ പറഞ്ഞു. ഷർട്ട് ധരിക്കാത്ത കാക്കിയിട്ട ആളാണ് ആക്രമിച്ചതെന്ന് യുവതി പോലീസിന് മൊഴി നൽകിയിരുന്നു. യുവതിക്ക് ശരീരമാസകലം ക്ഷതമേറ്റതായും സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളതായും യുവതിയുടെ അമ്മ അറിയിച്ചു. യുവതി ജോലി ചെയ്യുന്ന സ്ഥലത്ത് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു. പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും അവർ ആവശ്യപ്പെട്ടു.