മംഗളൂരു: കർണാടകയിലെ തുമകുരുവില്‍ ഇരുപത് മയിലുകളെ ചത്ത നിലയിൽ കണ്ടെത്തി. തുമകുരു ജില്ലയിലെ മധുഗിരി താലൂക്കിലെ ഹനുമന്തപുര ഗ്രാമത്തിലാണ് തിങ്കളാഴ്ച 19 മയിലുകൾ സംശയാസ്പദമായി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ വനം മന്ത്രി ഈശ്വർ ഖന്ദ്രെ അന്വേഷണത്തിന് ഉത്തരവിട്ടു.
മൂന്ന് ആൺ മയിലുകളും 17 പെൺ മയിലുകളുമാണ് ചത്തതെന്ന് അധികൃതർ അറിയിച്ചു. രാവിലെ കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിൽ പോയപ്പോൾ എല്ലായിടത്തും ചത്ത മയിലുകളെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി മൃതദേഹങ്ങൾ വൈദ്യപരിശോധനയ്‌ക്കായി പ്രാദേശിക മൃഗസംരക്ഷണ വകുപ്പ് മെഡിക്കൽ ഓഫീസർമാർക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തിടെയുണ്ടായ നിരവധി വന്യജീവി മരണങ്ങൾക്ക് പിന്നാലെയാണ് ഈ സംഭവം നടന്നത്. മയിലുകളുടെ മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹ സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനക്ക് അയച്ചു. അതേസമയം കീടനാശിനി കഴിച്ചതുകൊണ്ടാകാം മയിലുകൾ ചത്തതെന്ന റിപ്പോർട്ടുകളുമുണ്ട്.