അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവിനോടുള്ള ബഹുമാനസൂചകാർത്ഥം ഹീരാബാ സ്മൃതി സരോവർ എന്ന് പേര് നൽകി. രാജ്‌കോട്ട്-കലവാഡ് റോഡിൽ വാഗുദാദ് ഗ്രാമത്തിന് സമീപം ന്യാരി നദിയിലാണ് ചെക്ക് ഡാം നിർമ്മിച്ചിരിക്കുന്നത്. വാഗുഡാദ് ഗ്രാമത്തിൽ ഗിർഗംഗ പരിവാർ ട്രസ്റ്റ് പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ച് നിർമ്മിക്കുന്ന തടയണയ്ക്കാണ് പേരിട്ടത്. നരേന്ദ്രമോദിയുടെ അമ്മ ഹീരാബായോടുള്ള ബഹുമാനസൂചകമായാണ് നാമകരണം എന്ന് ട്രസ്റ്റ് പ്രസിഡന്റ് ദിലീപ് സാഖിയ പറഞ്ഞു. ന്യാരാ നദിയിൽ 400 അടി നീളത്തിലുള്ള തടയണയുടെ നിർമ്മാണോദ്ഘാടനം രാജ്കോട്ട് മേയറുടെയും എംഎൽഎയുടെയും സാന്നിധ്യത്തിൽ നടന്നു. 15 ലക്ഷം രൂപയാണ് തടയണയുടെ നിർമ്മാണത്തിന് ചിലവാകുന്നത്. ഹീരാബാ താമസിച്ചിരുന്ന വൃന്ദാവൻ സൊസൈറ്റിയിലേക്കുള്ള റോഡിന് ഗാന്ധിനഗർ കോർപ്പറേഷൻ പൂജ്യ ഹീരാബാ മാർഗ് എന്ന് നേരത്തെ നാമകരണം നൽകിയിരുന്നു.